scorecardresearch

കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞു: മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍

സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്

കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞു: മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ, ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തില്‍ കാണികള്‍ കുറഞ്ഞതില്‍ ട്രോളുമായി സോഷ്യമീഡിയ. ഗ്രീന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളാണ് മത്സരം കാണാന്‍ എത്തിയത്. മത്സരത്തിനിടെ ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയെച്ചൊല്ലി നേരത്തെ വിവാദം ശക്തമായിരുന്നു. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പ്രതികരിച്ചത്.

ഈ വിവാദ പരാമര്‍ശമാണ് ട്രോളുകളില്‍ ഇടം പിടിക്കുന്നതും. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക് പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തില്‍ അഞ്ച് ശതമാനം ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വര്‍ധിപ്പിച്ചത്.

ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ മാത്രം അധികം നല്‍കേണ്ടി വന്നു. ഇതിന് പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനം ആയി. നികുതി എത്ര ഉയര്‍ത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലായതിനാല്‍ ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Sri lanka cricket match at kariyavattom trolls