ഓരോ തീരുമാനങ്ങള്‍ എടുക്കുമ്പോഴും ട്രോളന്‍മാരെ ഭയപ്പെടേണ്ട അവസ്ഥയിലാണ് നാട്ടിലെ സകലമാന ‘പ്രമുഖരും’ സിനിമാക്കാരും രാഷ്ട്രീയക്കാരും പാര്‍ട്ടികളുമൊക്കെ. ഒന്നു നാവുളുക്കിയാലോ തീരുമാനങ്ങള്‍ പാളിയാലോ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന അതിന്‍റെ പ്രത്യാഘാതങ്ങളില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ആര്‍ക്കും സാധിക്കില്ല. ഇന്‍റര്‍നാഷണല്‍ ചളു യൂണിയനും ട്രോള്‍ മലയാളവുമൊക്കെ മലയാളികളുടെ ഇന്‍റര്‍നെറ്റ് വ്യവഹാരങ്ങളില്‍ അത്രയ്ക്ക് പരിചിതമാണ് ഇപ്പോള്‍.

സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം ആശയ കൈമാറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാധ്യമമാണ് ‘മീം’. പ്രശസ്ത ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ റിച്ചാര്‍ഡ് ഡാകിന്‍സ് ആണ് ആ വാക്ക് സംഭാവന ചെയ്തത്. സാംസ്കാരികമായ ഒരു ആശയം, പെരുമാറ്റം, രീതികള്‍, ചിഹ്നങ്ങള്‍ എന്നിവയൊക്കെ എഴുത്തിന്‍റെയോ ചിത്രങ്ങളുടെയോ ആംഗ്യങ്ങളുടെയോ ഒക്കെ സഹായത്തോടെ കൈമാറ്റം ചെയ്യുന്നതിനെയാണ് ഡാകിന്‍സ് ‘മീം’ എന്നു വിശദീകരിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റിന്‍റെ പ്രചരണത്തോടെ ‘മീം’ എന്നത് ഒരു ദിനചര്യ ആയി മാറിയിരിക്കുകയാണ്. സുപരിചിതമായ സിനിമകളുടെ രംഗങ്ങള്‍, സംഭാഷണങ്ങള്‍, അതിവേഗ പ്രചരണം ലഭിക്കുന്ന വിഡിയോകളും ഫോട്ടോകളും മുതല്‍ ക്ലാസിക് ചിത്രങ്ങള്‍ വരെ ഇന്‍റര്‍നെറ്റ് മീമുകളുടെ മാധ്യമമാവുന്നു.

സ്പൂഫ് പേജുകള്‍

മീമുകള്‍ക്കായുള്ള ഒട്ടനവധി പേജുകള്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ ഇതില്‍ നിന്നും ചില പേജുകള്‍ വ്യത്യസ്തമാവുന്നത് അതിന്‍റെ ‘സ്പൂഫ്’ സ്വഭാവത്താല്‍ ആണ്. സ്പൂഫ് എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ എളുപ്പമാണ്. ‘ഒന്നിനോന്നിനോട് സാമ്യം ചൊന്നാല്‍ ഉപമയാമത് !’ ഒരു യഥാർത്ഥ സൃഷ്ടിയുടെ/ സംഭവത്തിന്‍റെ സമാനമായ മറ്റൊരു സൃഷ്ടിയാണ് സ്പൂഫ്. സ്പൂഫ് ഒരു പാരഡി ആണ്, ആക്ഷേപഹാസ്യമാണ്, സിമ്പിളും പവര്‍ഫുളും ആണ്. സ്പൂഫ് പേജുകള്‍ ആണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റിലെ ട്രെന്‍ഡ്. ട്രോള്‍ പേജുകള്‍ പോലെ നര്‍മം മാത്രമല്ല. ഒട്ടേറെ ഗൗരവമേറിയ വിഷയങ്ങളും സ്പൂഫ് പേജുകളില്‍ വരുന്നുണ്ട്. എന്നാല്‍ അവയൊന്നും നര്‍മത്തെ മാറ്റി നിര്‍ത്തുന്നുമില്ല.

ഞങ്ങള്‍ തിരഞ്ഞെടുത്ത ചില പവര്‍ഫുള്‍ സ്പൂഫ് പേജുകളിലൂടെ കടന്നുപോവാം ഇനി:

ബീഫ് ജനത പാര്‍ട്ടി: ബീഫ് വിഷയത്തിലും ബിജെപിയുടെ ഗോമാംസനയത്തിൽ മനംനൊന്ത ഏതോ ഒരു ബീഫ് സ്നേഹി ആവണം ഈ പേജിന്‍റെ സൃഷ്ടാവ്. ബീഫ് തീറ്റകാര്‍ക്കു വേണ്ടി ബീഫ് തീറ്റക്കാരാല്‍ ബീഫ് തീറ്റക്കാരില്‍ നിന്നും എന്ന് വിശേഷിപ്പിക്കുന്ന ബീഫ് ജനതാ പാര്‍ട്ടി, തമാശകളും പാരഡികളും മാത്രം പറഞ്ഞുകൊണ്ട് പേജിനെ നിസ്സാരവത്കരിക്കുന്നില്ല. നല്ല സൊയമ്പന്‍ കേരളാ ബീഫ് ഫ്രൈയിലെ വറുത്ത തേങ്ങാകഷണം പോലെ ഇടക്കിടെ കടിക്കുന്ന നര്‍മവും ട്രോളും രസം പകരുന്നുണ്ട്. എങ്കിലും വളരെ ഗഹനമായി കാര്യങ്ങളെ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന അനവധി വായനക്കാരുണ്ട് ഇന്ന് ഈ പേജിന്. ഗൗരവമായ മാധ്യമപ്രവര്‍ത്തനം കൂടിയാണ് ഈ പേജില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍വരാജ്യ ബീഫ് സ്നേഹികളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബീഫ് ജനതാ പാര്‍ട്ടി, ബീഫ് വിരോധികളെയും ബീഫ് വാപ്‌സി ചടങ്ങുകളിലൂടെ തിരികെയെടുക്കാം എന്നൊരു ഓഫറും മുന്നോട്ട് വയ്ക്കുന്നുണ്ട്.

അണ്‍ ഒഫീഷ്യല്‍ സുബ്രമണ്യന്‍ സ്വാമി: വാര്‍ത്ത കുറഞ്ഞ ദിവസങ്ങളില്‍ എന്തെങ്കിലും വാര്‍ത്തകള്‍ വേണം എങ്കില്‍ മാധ്യമങ്ങള്‍ക്ക് ആദ്യം മുട്ടാവുന്ന ഒരു വാതിലാണ് ബിജെപി നേതാവായ സുബ്രമണ്യന്‍ സ്വാമിയുടേത്. ചെന്നൈയിലെ മൈലാപൂര്‍ നിവാസിയായ സ്വാമി എന്നും മാധ്യമങ്ങളില്‍ ഇടം നേടാന്‍ തത്പരനാണ്. വിവാദങ്ങളും കേസുകളും സ്വാമിയുടെ ഒരു പതിവാണ്. ട്വിറ്റര്‍ ആണ് സ്വാമിയുടെ സ്ഥിരസാന്നിദ്ധ്യമുള്ള മറ്റൊരിടം. ട്വിറ്ററില്‍ തന്നെയായിരുന്നു അണ്‍ ഒഫീഷ്യല്‍ സുബ്രമണ്യം സ്വാമിയുടെയും തുടക്കം. ഇപ്പോള്‍ ഫെയ്സ്ബുക്കിലും സ്ഥിര സാന്നിദ്ധ്യമാണ്. അണ്‍ ഒഫീഷ്യല്‍ സുബ്രമണ്യന്‍ സ്വാമിയും യഥാര്‍ത്ഥ സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മില്‍ മാറിപോവുകയാണ് എങ്കില്‍ അത് ഒട്ടും യാദൃശ്ചികമല്ല എന്നും ഓര്‍മിപ്പിക്കുന്നു.

ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ: സാമൂഹ്യമാധ്യമങ്ങളായ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഏറെപേര്‍ പിന്തുടരുന്ന പേജാണ്‌ ഹ്യൂമണ്‍സ് ഓഫ് ന്യൂയോർക്ക്. ന്യൂയോർക്ക് നഗരത്തിലെ മനുഷ്യരുടെ ഫോട്ടോകളും അവരുടെ ജീവിതഗന്ധിയായ കഥകളും ആണ് ഹ്യൂമണ്‍സ് ഓഫ് ന്യൂയോർക്ക് പങ്കുവയ്ക്കുന്നത്. ഈ പേജിനൊരു ഇന്ത്യന്‍ പതിപ്പ് ഇറക്കിയാല്‍ എങ്ങനെയിരിക്കും ? അതും ഒരു രാഷ്ട്രീയ സ്പൂഫ് ? അതാണ്‌, ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ. ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അനുകൂലികളും ദിവസേന വരുന്ന വിചിത്രങ്ങളായ പല വാര്‍ത്തകളും വിമര്‍ശനങ്ങളും ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വയില്‍ വിഷയമാവുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വിമര്‍ശകരെ എന്നപോലെ ഹിന്ദുത്വ അനുകൂലികളേയും ഒരുപോലെ ചിരിപ്പിക്കുന്നതാണ് ഈ പേജ്.

ഡ്രങ്ക് വിനോദ് മേത്ത: അന്തരിച്ച പത്രാധിപര്‍  വിനോദ് മേത്തയ്ക്ക് മൂന്ന് ദശകത്തിന്‍റെ പത്രപ്രവര്‍ത്തന പാരമ്പര്യമുണ്ട്. എന്നാല്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുന്നത് ടൈംസ് നൗവില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ‘ന്യൂസ് അവറി’ലെ സ്ഥിരം പാനലിസ്റ്റ് എന്ന നിലയിലാണ്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാന്‍ സാധിക്കാത്ത പ്രാഗത്ഭ്യമാണ് വിനോദ് മേത്ത എന്ന എഡിറ്റര്‍. ഗോസ്വാമിയുടെ പരിപാടിയില്‍ ഗോസ്വാമിയോട് കിടപിടിക്കത്തക്ക വാചാലതയുള്ള വിനോദ് മേത്തയെയാണ് ഇവിടെ കാണാന്‍ സാധിക്കുക. വിനോദ് മേത്തയുടെ മരണശേഷവും രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ഈ പേജ്.

അണ്‍ ഒഫീഷ്യല്‍ പിഎംഒ ഇന്ത്യ : സാമൂഹ്യമാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമായ നമ്മുടെ പ്രധാനമന്ത്രി തന്നെയാണ് സ്പൂഫിന്‍റെ അടുത്ത വിഷയം. ക്യാമറയോടും സാമൂഹ്യമാധ്യമങ്ങളോടും ഉള്ള അദ്ദേഹത്തിന്‍റെ താത്പര്യം പ്രസിദ്ധമാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാക്കളില്‍ ഒരാള്‍ കൂടിയാണ് മോദി. അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പ്രൊഫൈല്‍ ആയ ഒഫീഷ്യല്‍ പിഎംഒ ഇന്ത്യയുടെ സ്പൂഫ് ആണ് അണ്‍ ഒഫീഷ്യല്‍ പിഎംഒ ഇന്ത്യ.

ബോംബൈ ഹൈ കോര്‍ട്ട് : രാഷ്ട്രീയക്കാരെ ഒഴിവാക്കിയ സ്പൂഫന്മാര്‍ ഇത്തവണ പാരഡി ഉണ്ടാക്കിയിരിക്കുന്നത് കോടതിക്കാണ്. ദിവസേനയുള്ള വാര്‍ത്തകളെകുറിച്ചും രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ചുമൊക്കെ കോടതി നിരീക്ഷണങ്ങള്‍ അറിയാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടോ ? എന്നാല്‍ ഈ പേജ് തീര്‍ച്ചയായും പിന്തുടരേണ്ടതാണ്. പക്ഷെ ഇവിടത്തെ കോടതി നിരീക്ഷണങ്ങളൊക്കെ അത്യന്തം നര്‍മപ്രധാനമാണ് എന്നു മാത്രം. ഇന്ത്യക്കാരുടെ മുന്‍വിധികളേയും പോതുബോധങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ കടന്നാക്രമിക്കുന്നതില്‍ ബോംബൈ ഹൈ കോര്‍ട്ട് ഒട്ടും മടി കാണിക്കുന്നില്ല. ഈ പേജ് നിങ്ങളെ കുടുകുടെ ചിരിപ്പിക്കുമെന്നത് തീര്‍ച്ച !

കൗസ് ഓഫ് ബനാറസ്: പശുക്കളുടെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന ഒരു രാജ്യത്ത് പശുക്കള്‍ക്കും ജനാധിപത്യം വേണ്ടേ? അവര്‍ക്ക് വേണ്ടി സംസാരിക്കാനും അവരുടെ നാവ് ആവാനും അവരുടെ അഭിപ്രായം വിളിച്ചോതാനും ഒരിടം വേണ്ടേ? ഫെയ്സ്ബുക്ക് തന്നെയാണ് ആ ഇടം എന്ന് പശുക്കള്‍ തീരുമാനിച്ചാലോ? പ്രത്യേകിച്ച് ബനാറസിലെ പശുക്കള്‍ ! ഹ്യൂമണ്‍സ് ഓഫ് ന്യൂയോർക്ക് തന്നെയാണ് കൗസ് ഓഫ് ബനാറസിന്‍റെയും പ്രേരണ. അപ്രതീക്ഷിത സ്ഥലങ്ങളില്‍ കയറിപറ്റുന്ന പശുക്കളും, അവരുടെ ലോകവും, അവര്‍ക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങളുമൊക്കെ ഇവിടെ വിഷയമാവുന്നു.

അണ്‍ ഒഫീഷ്യല്‍: ഡോ. അര്‍ണാബ് ഗോസ്വാമി: രാജ്യത്തെ ഏറ്റവും സുപരിചിതനായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അര്‍ണാബ് ഗോസ്വാമിക്ക് എക്കാലത്തും വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. മിമിക്രിക്കാര്‍ക്കും തമാശക്കാര്‍ക്കും ട്രോളന്‍മാര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട വിഷയമാണ് ഈ മുന്‍ ടൈംസ് നൗ അവതാരകന്‍. അര്‍ണാബ് ഗോസ്വാമിയുടെ അവതരണ ശൈലിയാണ് അതിനു പ്രധാന കാരണം. ഗോസ്വാമിയുടെ ശൈലിയില്‍ തന്നെയുള്ള കടന്നാക്രമണങ്ങള്‍ തന്നെയാണ് അണ്‍ ഒഫീഷ്യല്‍: ഡോ. അര്‍ണാബ് ഗോസ്വാമിയുടേതും. പക്ഷെ നിങ്ങള്‍ക്കും ഇവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം എന്നതു മാത്രമാണ് വ്യത്യാസം !

മാര്‍ക്കണ്ഡേയ കട്ജു : സ്പൂഫ് പേജ് അല്ലാഞ്ഞിട്ടുകൂടെ ഈ ലിസ്റ്റില്‍ ഇടം പിടിച്ച ഒരേയൊരാളാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ! എല്ലാ സ്പൂഫുകളേയും കടത്തി വെട്ടുന്ന ആക്ഷേപഹാസ്യവും പാരഡിയുമൊക്കെയാണ് ഈ സുപ്രീം കോടതി മുന്‍ ജഡ്ജിയുടേത്. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ കടന്നുപോവുന്ന ആരായാലും ഒരു തവണയെങ്കിലും ഇത് യഥാർത്ഥ പേജ് ആണോ എന്ന് സംശയിച്ചു പോവും ഉറപ്പ്! രാഷ്ട്രീയക്കാരാവട്ടെ, മാധ്യമങ്ങളാവട്ടെ, സിനിമാക്കാരാവട്ടെ, കോടതി തന്നെയാവട്ടെ, കട്ജുവിന്‍റെ വിമര്‍ശനങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ്. മനസ്സിലായില്ല എങ്കില്‍ അദ്ദേഹത്തിന്‍റെ പേജ് നോക്കൂ. എല്ലാ സ്പൂഫ് പേജുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന കട്ജുവിന്‍റെ തന്നെയാണ് യഥാർത്ഥ ഹീറോയിസം !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook