‘കഅബയുടെ അടുത്ത് ഭൂമിയിൽ നിന്ന് ചോര വരുന്നു, അൽപ്പം മുന്പാണ് ഇത്‌ കാണപ്പെട്ടത്, അല്ലാഹുവിന്റെ പരീക്ഷണങ്ങൾ എന്താണെന്ന് അല്ലാഹുവിനെ അറിയൂ, മനുഷ്യർ ഒന്നും മനസ്സിലാകാത്ത പരാജിതർ!’ കഴിഞ്ഞ കുറച്ച് ദിവസമായി വാട്സ്ആപ്പ് അടക്കമുള്ള നവ മാധ്യമങ്ങളിലൂടെ ഒരു വീഡിയോടൊപ്പം പ്രചരിക്കുന്ന മെസ്സേജിന്റെ രൂപമാണിത്. സംഭവത്തിന്റെ സത്യാവസ്ഥ തിരക്കാനൊന്നും നിൽക്കാതെ വിശ്വാസികളിൽ പലരും മെസ്സേജും വീഡിയോയും ഫോർവേർഡ് ചെയ്യാനും തുടങ്ങിയതോടെ സംഭവം വൈറലായി.

എന്നാൽ ഇത് വെറും വ്യാജ വാർത്തയാണെന്നാണ് മക്കയിലെ ഹറം സുരക്ഷാ വിഭാഗം തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഹജറുല്‍ അസ്‌വദിന് സമീപം രക്തം കെട്ടി നില്‍ക്കുന്ന ഭാഗത്ത് ആളുകള്‍ കൂടിനില്‍ക്കുന്നതും സ്വദേശികളായ ഏതാനും പേര്‍ അവരെ നിയന്ത്രിക്കുന്നതുമായ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇതു പുതിയ വീഡിയോ അല്ലെന്നും അമ്പത് വയസ്സ് പ്രായമുള്ള ഒരു ആഫ്രിക്കന്‍ പൗരനായ ഹാജി തെന്നിവീണ് കാലിന് പരിക്കേറ്റതാണെന്നും അദ്ദേഹത്തെ ഉടന്‍ അജ്‌യാദ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും സുരക്ഷ വിഭാഗം വക്താവ് മേജര്‍ സാമിഹ് അല്‍സലമി അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിശ്വാസികൾ പിന്മാറുകയാണ് വേണ്ടെതെന്നും സാമിഹ് അൽസലമി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ