ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമായിരിക്കും ചിലരെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ ഭിന്നശേഷിക്കാരനായ ഒരു വിദ്യാർത്ഥി തന്റെ പഠനാവശ്യങ്ങൾക്കു വേണ്ടി സമൂസ വിൽക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഒരു ഫുഡ് വ്ളോഗർ. ഐഎഎസ് ഉദ്യോഗസ്ഥനാവുക എന്നതാണ് വിദ്യാർത്ഥിയുടെ ലക്ഷ്യം.
ഏപ്രിൽ 10 ന് youtubeswadofficial എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീൽച്ചെയറിന്റെ സഹായത്തോടെ സൂരജ് 15 രൂപയ്ക്കാണ് ഒരു പ്ലേറ്റ് സമൂസ വിൽക്കുന്നത്. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ സൂരജിന് അതിനുശേഷം ഒരു ജോലി കണ്ടെത്താനായില്ല. തുടർ പഠനത്തിനുള്ള ചെലവുകൾക്കായി ഒടുവിൽ സമൂസ വിൽക്കാൻ ആരംഭിക്കുകയായിരുന്നു സൂരജ്.
15 രൂപയ്ക്ക് രണ്ടു സമൂസ സൂരജ് തങ്ങൾക്കു നൽകിയെന്ന് വ്ളോഗർ വസൻ പറയുന്നു. അതിനൊപ്പം വറുത്തെടുത്ത് മുളകും സവാളയും ചേർക്കുന്നുമുണ്ട്. വൈകീട്ട് 3 മണി മുതൽ 7 വരെയാണ് സൂരജ് പ്രദേശത്ത് സമൂസ വിൽക്കുന്നത്. “സിവിൽ സർവീസ് പഠിക്കാനാണ് ഇയാൾ സമൂസ വിൽക്കുന്നത്. വരൂ നമുക്ക് ഇയാളെ സഹായിക്കാം” എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ച അടികുറിപ്പ്.
3.19 ലക്ഷത്തോളം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. സൂരജിന്റെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.