പഴ്സിലോ ബാഗിലോ പണ്ട് ധരിച്ച ഷർട്ടിന്റെ പോക്കറ്റിൽനിന്നോ വളരെക്കാലം മുൻപ് മറന്നുവച്ച പൈസ ലഭിക്കുന്നതു പലർക്കും അനുഭവമുണ്ടാകും. അതിപ്പോൾ എത്ര ചെറിയ തുകയാണെങ്കിലും അതു കാണുന്നത് തന്നെ സന്തോഷം നൽകും. അപ്പോൾ പ്രതീക്ഷിക്കാതെ ഇങ്ങനെ ലക്ഷങ്ങൾ കിട്ടിയാലോ? സ്പെയിനിലെ ഒരു ബിൽഡറിന് ഇത്തരത്തിൽ ലഭിച്ചത് 47,000 പൗണ്ടാണ്, ഇന്ത്യൻ രൂപയിൽ ഏകദേശം 46.7 ലക്ഷം രൂപ. നെസ്ക്വിക്ക് എന്ന ചോക്ലേറ്റ് മിൽക്ക് കാനുകളിൽനിന്നാണ് പണം ലഭിച്ചത്.
ടോനോ പിനേറോ, എന്ന ബിൽഡറിനാണ് ഇത്തരത്തിൽ പണം ലഭിച്ചത്. ജോലിയിൽനിന്നു വിരമിക്കുമ്പോൾ താമസിക്കാൻ വിചാരിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണു കാനുകളിലെ പണം കണ്ടെത്തിയതെന്നു ദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. ടോനോ കണ്ടെത്തുമ്പോൾ കാനുകൾ നിറയെ പണമുണ്ടായിരുന്നു. എന്നിരുന്നാലും, ഈ നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് ബാങ്കുകൾ പറഞ്ഞതോടെ ടോനോയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല.
ഒൻപതു ദശലക്ഷം പെസെറ്റുകൾ അടങ്ങിയ നോട്ടുകൾ 20 വർഷം മുൻപ് 2002ൽ ഉപയോഗിക്കുന്നത് നിർത്തിയെന്ന് അധികൃതർ പറഞ്ഞു. യൂറോ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് സ്പെയിനിൽ ഉപയോഗിച്ചിരുന്ന കറൻസിയാണു പെസറ്റ്സ്.
ബാങ്കുകൾ സ്വീകരിച്ചില്ലെങ്കിലും ടോനോയ്ക്ക് മൊത്തത്തിൽ ഒരു നഷ്ടമായി മാറിയില്ല. അതിൽനിന്നു 30,000 പൗണ്ട് (ഏകദേശം 29.8 ലക്ഷം) സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതു വീടിനു പുതിയ മേൽക്കൂര നിർമിക്കാൻ ഉപയോഗിച്ചതായി ടോനോ പറഞ്ഞു.
ഫെയ്സ്ബുക്കിലെ ഒരു ലിസ്റ്റിങ് വഴിയാണ് ടോനോ ഈ വീട് കണ്ടെത്തിയത്. നാല് പതിറ്റാണ്ടായി ഇതു ഉപക്ഷേിക്കപ്പെട്ട നിലയിലായിരുന്നു. കുറച്ച് പണം സുവനീയറായി സൂക്ഷിക്കാനും പദ്ധതിയുണ്ടെന്നു വലൻസിയക്കാരനായ ടോനോ പറഞ്ഞു.