ടിക്ടോക് താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ തന്റെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. 15 ലക്ഷം പേരാണ് സൗഭാഗ്യയെ ടിക്‌ടോക്കിൽ ഫോളോ ചെയ്തിരുന്നത്.
‘‘ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും വിട. ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല,” എന്നാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കും ക്ഷാമമുണ്ടാകില്ലെന്ന ശുഭാപ്തിവിശ്വാസവും സൗഭാഗ്യ പങ്കുവച്ചു.
ടിക്‌ടോക് വീഡിയോകളിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയുമാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിലെ സ്റ്റാറായത്. വ്യത്യസ്തമായ സൗഭാഗ്യയുടെ വീഡിയോകൾ പലതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.സൗഭാഗ്യയും അമ്മയും നടിയുമായ താര കല്യാണും ഒന്നിച്ചുള്ള വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ്, ക്യാംസ്കാനർ ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനാണ് തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ നിരോധിച്ചത്. നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ലെങ്കിലും, ലഡാക്കിലെ അതിർത്തി വിഷയത്തിൽ ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശം തന്നെയാണ് ആപ്ലിക്കേഷനുകളുടെ നിരോധനം. ജൂണ്‍ 15-ന് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലേറ്റു മുട്ടുകയും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങൾ വലിയ ആശങ്കയാണെന്നും ഇതിൽ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.
“ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
Read more: അഭിലാഷേ ഒരു 30 സെക്കന്‍ഡ് തരൂ; കിടിലം ഡബ്‌സ്മാഷുമായി സൗഭാഗ്യയും ടീമും