കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചലച്ചിത്ര മേഖലയിലാകെ സ്ത്രീ സുരക്ഷ ഒരു പ്രധാന ചർച്ച വിഷയമായിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും എല്ലാം ഈ വിഷയം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോഴിതാ തെന്നിന്ത്യൻ നായികമാരിൽ പ്രധാനിയായ തൃഷയാണ് സ്ത്രീസുരക്ഷ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടിൽ പെപ്പർ സ്‌പ്രേയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പർ സ്‌പ്രേ മികച്ച അംഗരക്ഷകനാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിർമ്മിക്കുന്ന, പെപ്പർ സ്‌പ്രേയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ബ്ലൂസ് ആന്റ് കോപ്പർ കമ്പനിയുടെ ബോഡിഗാർഡ് എന്ന പേരിലുള്ള ഉൽപ്പന്നമാണിത്.

Better safe than sorry !!! #outdoors #roadtrips #shootlife

A post shared by Trisha (@dudette583) on

അതേസമയം നടി ചിത്രം പോസ്റ്റ് ചെയ്തതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. കമ്പനിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് മാനേജിങ് പാർട്ണർ ടി.രാകേഷ് കുമാർ വിശദീകരിച്ചു.

“ഓൺലൈനായും റീട്ടെയിലായും ഞങ്ങൾ പെപ്പർ സ്‌പ്രേ വിൽക്കുന്നുണ്ട്. പക്ഷെ ഡീലർമാർ വഴിയാണ് ഇടപാട്. നേരിട്ടുള്ള വിൽപ്പനയില്ല. അതിനാൽ തന്നെ ആരൊക്കെ വാങ്ങിയെന്ന് അറിയുകയുമില്ല. പ്രധാനമായും മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ ഇടങ്ങളിലാണ് ആവശ്യക്കാരുള്ളത്. കേരളത്തിൽ ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ജോലി ചെയ്യുന്ന പെൺകുട്ടികൾ വാങ്ങുന്നുണ്ട്”, രാകേഷ് പറഞ്ഞു.

“65 മി.ലി ബോട്ടിൽ നമുക്ക് ബാഗിൽ സൂക്ഷിക്കാവുന്നതാണ്. ഇത് കൂടാതെ 21 മി.ലി കാൻ വേറെയുമുണ്ട്. ആദ്യത്തേതിന് 499 രൂപയും രണ്ടാമത്തേതിന് 199 രൂപയുമാണ് വില. 21 മി.ലി കാൻ പോക്കറ്റിൽ സൂക്ഷിക്കാവുന്നതാണ്.” രാകേഷ് പെപ്പർ സ്‌പ്രേയെ കുറിച്ച് പറഞ്ഞു.

45 മിനിറ്റോളം സമയം ഇത് മുഖത്ത് തന്നെ നിൽക്കും. ഇതിന് ശേഷം മാത്രമേ മുളകിന്റെ വീര്യം കുറയുകയുള്ളൂ.

ചിത്രത്തിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. “ഒരു സ്ത്രീ പോലും സുരക്ഷിതയല്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന്”, ഒരാൾ കുറിച്ചു.

പുറത്തുപോകുമ്പോൾ ആൺകുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാൾ നല്ലത് പെപ്പർ സ്‌പ്രേ കരുതുന്നതാണെന്ന് മുകിലൻ ചന്ദ്രശേഖർ കുറിച്ചു. ഇതോടൊപ്പം ആയോധനമുറകളും അഭ്യസിക്കുന്നത് നന്നായിരിക്കുമെന്നാണ് സെൽവയുടെ കമന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ