ഇന്‍ഡോര്‍: ഇനി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ താരമായി ശശി തരൂർ. സുഷമയുടെ പിൻവാങ്ങൽ വിഷമിപ്പിക്കുന്നതാണെന്ന പോസ്റ്റും അതിന് സുഷമ നൽകിയ മറുപടിയ്ക്കുളള പ്രതികരണവുമാണ് വൈറലായിരിക്കുന്നത്.

ഇനിയൊരു തിരഞ്ഞെടുപ്പിന് തനിക്ക് താല്‍പര്യമില്ലെന്നും, പക്ഷെ അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ കാരണങ്ങളാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും അവർ പറഞ്ഞു.

ഇതിന് തരൂർ കുറിച്ച മറുപടി ഇങ്ങിനെ. “ഞങ്ങൾ തമ്മിലുളള എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ, സുഷമ സ്വരാജ് പാർലമെന്റിൽ നിന്നും പോകുന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നതാണ്.  ഔട്ട്ലുക്കിന്റെ സോഷ്യൽ മീഡിയ അവാർഡുകളുടെ ജൂറിയെന്ന നിലയിൽ അവരുടെ ‘ട്വിപ്ലോമസി’ (ട്വിറ്ററിലെ നയതന്ത്രം) യെ ആദരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പാർലമെന്റിന്റെ വിദേശകാര്യകമ്മിറ്റിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ മന്ത്രിയെന്ന നിലയിൽ സ്നേഹം നിറഞ്ഞ ഇടപെടലാണ് ഉണ്ടായത്.”

പരിഹാസരൂപത്തിലുളള പോസ്റ്റായിരുന്നു തരൂരിന്റേത്. അതിൽ പാതി കാര്യവും. ഇതേ നിലയിലായിരുന്നു വിദേശകാര്യ മന്ത്രിയും ട്വിറ്ററിലെ മറ്റൊരു താരവുമായ സുഷമ സ്വരാജിന്റെ മറുപടിയും. “നന്ദിയുണ്ട് ശശി. നമ്മൾ ഇപ്പോഴുളള അതേ നിലയിൽ തന്നെ തുടരണമെന്ന് ഞാനാഗ്രഹിക്കുന്നു,” എന്ന് തരൂരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സുഷമ കുറിച്ചു.

എന്നാൽ ഈ വാചകത്തിന് താഴെ മറുപടിയുമായി എത്തിയ തരൂർ, തന്റെ നന്ദി അറിയിച്ചു. “നന്ദി സുഷമ സ്വരാജ്. ജനങ്ങൾ അത് തീരുമാനിക്കട്ടെയെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആശംസകൾ,” തരൂർ കുറിച്ചു.

ശശി തരൂരിന്റെ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളേക്കാൾ കൂടുതൽ ഈ മറുപടിക്ക് മാത്രം ലഭിച്ചു. 1600 ലേറെ പേരാണ് മറുപടി ലൈക് ചെയ്തത്. നൂറിലേറെ പേർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook