തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായി ഉണ്ടായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. ഏഴു മണിക്കൂറോളമാണ് ലോകവ്യാപകമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചർ എന്നിവയുടെ പ്രവർത്തനം നിലച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പണി മുടക്കിയത്.
പ്രശ്നം പരിഹരിച്ച ഉടൻ തന്നെ ഉപയോക്താക്കൾക്കുള്ള ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ചുകൊണ്ട് മാർക്ക് സുക്കർബർഗ് രംഗത്തെത്തി. തകരാർ പരിഹരിച്ചുവെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ സുക്കർബർഗ് വ്യക്തമാക്കി. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡിഎൻഎസിൽ വന്ന പിഴവാണ് സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
എന്നാൽ ഇപ്പോൾ സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ വരുന്ന മലയാളികളുടെ കമന്റുകളും ട്രോളുകളുമാണ് ശ്രദ്ധ നേടുന്നത്.
“എല്ലാം കൂടെ ഒരുമിച്ച് വാങ്ങിക്കൂട്ടുമ്പോൾ ഓർക്കണമായിരുന്നു, ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത്, ഫോണിന്റെ തകരാറാണെന്ന് ഓർത്ത് ഇനിയത് റീബൂട്ട് ചെയ്യാൻ മാത്രമേ ബാക്കിയുള്ളൂ,” എന്നിങ്ങനെ പോവുന്നു കമന്റുകൾ. സമൂഹമാധ്യമങ്ങൾ നിലച്ചതുമായി ബന്ധപ്പെട്ട് ഏറെ ട്രോളുകളും സജീവമാണ്.
Read More: വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി; സേവനങ്ങൾ തടസ്സപ്പെട്ടത് ആറ് മണിക്കൂർ