ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് നിരവധി പേരുടെ മനസ്സ് കീഴടക്കിയ താരമാണ് ബോളിവുഡ് നടൻ സോനു സൂദ്. ഇപ്പോഴിതാ, നാല് കൈകളും കാലുകളുമായി ജനിച്ച രണ്ടര വയസ്സുകാരിയെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് നടൻ.
പെൺകുട്ടിയുടെ ദുരവസ്ഥ കാണിക്കുന്ന വീഡിയോ വെള്ളിയാഴ്ച ന്യൂസ് 24 എന്ന ചാനലിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ നിരവധിപേർ ട്വിറ്ററിൽ സോനു സൂദിനെ ടാഗ് ചെയ്യാൻ ആരംഭിച്ചു. തുടർന്നാണ് നടൻ സഹായവുമായെത്തിയത്.
ബീഹാർ സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ ബീഹാറിലെ നവാഡ ജില്ലയിലെ സബ് ഡിവിഷണൽ ഓഫീസറെ (എസ്ഡിഒ) സഹായത്തിനായി സമീപിച്ചിരുന്നു. ഈ വാർത്തയാണ് ന്യൂസ് 24 റിപ്പോർട്ട് ചെയ്തത്.
ഇന്നലെ പെൺകുട്ടി ചികിത്സയിലാണെന്ന് കാണിക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌ത സോനു സൂദ്, “ടെൻഷൻ വേണ്ട. ചികിത്സ ആരംഭിച്ചു. പ്രാർത്ഥിച്ചാൽ മതി,” എന്ന് കുറിച്ചിരുന്നു.
ട്വീറ്റിന് പിന്നാലെ സോനു സൂദിനുള്ള അഭിനന്ദങ്ങളും ട്വിറ്ററിൽ നിറഞ്ഞു. കുട്ടിയെ സഹായിച്ചതിന് നിരവധിപേർ സോനു സൂദിന് നന്ദി പറഞ്ഞു പോസ്റ്റുകളിട്ടു.
ബിഹാറിലെ ജാമുയിയിലുള്ള സ്‌കൂളിലേക്ക് ഒരു കിലോമീറ്റർ നടന്ന് പോകുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് സോനു സൂദ് സഹായം വാഗ്ദാനം ചെയ്തത് ഈയിടക്ക് വാർത്തകളിൽ ഇടം നേടിയിരുന്നു. അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിക്കാണ് തന്റെ ഫൗണ്ടേഷനിലൂടെ സഹായം വാഗ്ദാനം ചെയ്തത്. കോവിഡ് സമയത്ത് സോനു സൂദിന്റെ ഇടപെടലുകൾ ശ്രദ്ധനേടിയിരുന്നു.
Also Read: അവാർഡ് ആർക്ക് സമർപ്പിക്കുന്നു?;രേവതിയുടെ തഗ് മറുപടി, വീഡിയോ