Latest News

മകന്‍ പ്രണയത്തിൽ നിന്നും പിന്മാറി; സ്വത്ത് പെണ്‍കുട്ടിക്ക് നല്‍കി പിതാവ്

ആറു വര്‍ഷം മുമ്പാണ് ഷാജി എന്നയാളുടെ മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയും ചെയ്തത്

Wedding, social media, iemalayalam

പ്രണയിക്കുകയും പ്രണയത്തില്‍ നിന്ന് പിന്മാറുകയും പ്രണയത്തിനു വേണ്ടി ജീവന്‍ വരെ ത്യജിക്കുകയും പ്രണയിച്ച് പറ്റിക്കുകയും ചെയ്യുന്നവരുടെ കഥകള്‍ ദിവസേന നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു കഥയാണ് ഇവിടെ. മകന്‍ പ്രണയിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും പിന്നീട് പ്രണയത്തില്‍ നിന്നും പിന്മാറുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടിക്ക്, മകന്റെ സ്വത്തുക്കള്‍ നല്‍കിയ ഒരു പിതാവിന്റെ കഥ. ഷാജി എന്ന തിരുനക്കരക്കാരനായ ആ അച്ഛന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

ആറു വര്‍ഷം മുമ്പാണ് ഷാജി എന്നയാളുടെ മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയും ചെയ്തത്. ഇരുവരും വിവാഹത്തിനൊരുങ്ങിയെങ്കിലും പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അത് നടന്നില്ല. രണ്ടു പേരും കോടതിയില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതോടെ അവളെ സ്വന്തം മകളെ പോലെ ഷാജി വീട്ടില്‍ നിര്‍ത്താന്‍ തയ്യാറായി.

മകനെ ഹോസ്റ്റലിലാക്കി പഠിക്കാനയച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന തീരുമാനത്തിന്മേലായിരുന്നു ഇത്. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കവെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. ഇതോടെ അച്ഛന്‍ അയാളെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചെത്തിയ മകന്‍ വേറൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഇതോടെ ഈ മാതാപിതാക്കൾ മകനെ തള്ളിപ്പറയുകയും പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന് തീരുമാനിക്കുകയുമായിരുന്നു. മകനുവേണ്ടി കരുതിവെച്ചിരുന്ന സ്വത്തുക്കള്‍ പെണ്‍കുട്ടിക്ക് എഴുതി നല്‍കി. കരുനാഗപ്പള്ളി സ്വദേശി അജിത്തുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. തിരുനക്കര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

സന്ധ്യ പല്ലവി എന്ന ആളാണ് ഈ വിചിത്ര പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കണ്ണുനിറഞ്ഞുകൊണ്ടാണ് ചടങ്ങുകൾ കണ്ടു നിന്നതെന്ന് സന്ധ്യ പറയുന്നു. ഞായറാഴ്ചയായിരുന്നു

സന്ധ്യയുടെ പോസ്റ്റിന്റെ പൂർണ രൂപം:

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു….. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല…

(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ)

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… …

6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടി യെ. സ്വന്തം വീട്ടിലും നിർത്തി… എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു…..

ഈ അച്ഛൻെറയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല… ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Son ditches lover but parents gifts property and arranges girls wedding in kottayam

Next Story
കനിവാണ് റമദാന്‍: നോമ്പ് തുറക്കാന്‍ വെള്ളം ചോദിച്ച യാത്രികന് എയര്‍ ഇന്ത്യയുടെ ഇഫ്താര്‍Air India, Ramadan, Iftar, എയർ ഇന്ത്യ, റമദാൻ, ഇഫ്താർ, ട്വിറ്റർ, twitter, Kind gesture, Eid 2019, ചെറിയ പെരുന്നാൾ, നോമ്പ് തുറ, fasting, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com