തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടനാണ് നൈജീരിയക്കാരൻ സാമുവൽ റോബിൻസൺ, അഥവാ മലയാളികളുടെ സ്വന്തം സുഡുമോൻ. സക്കറിയ സംവിധാനം ചെയ്‌ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന് നല്ല പ്രശംസയാണ് ലഭിച്ചത്.
നടനോട് മലയാളികൾക്കെന്ന പോലെ മലയാള മണ്ണിനെ നടനും വല്ലാതെ ഇഷ്ടമായി. നാട്ടിലേക്ക് മടങ്ങിയ താരം കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്ന് പോയ ശേഷമുളള തന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തിയത്. കേരളത്തിലേക്ക് തിരികെ വരണമെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച സുഡുമോന് പക്ഷെ ബീഫിൽ തട്ടി പണി കിട്ടി.
പൊറോട്ടയും ബീഫും കഴിക്കണമെന്ന് കുറിച്ച താരം പിന്നീട് മട്ടനും ചിക്കനുമാക്കി മാറ്റിയിരുന്നു. ഇതോടെ ട്രോളന്മാർക്ക് നല്ല ആയുധവുമായി ഇത് മാറി.
എന്നാൽ കറികളിങ്ങനെ മാറിയതിനെ പറ്റിയുളള ചോദ്യത്തിന് ‘ഒരാൾ തന്നോട് അത് സുരക്ഷിതമല്ല’ എന്ന് പറഞ്ഞതായാണ് സുഡുമോൻ വിശദീകരണം നൽകിയത്. എന്നാലിപ്പോൾ താരം വീണ്ടും താൻ വരുത്തിയ എല്ലാ മാറ്റങ്ങളും ഒഴിവാക്കി പോസ്റ്റ് എഡിറ്റ് ചെയ്തു. തനിക്ക് പൊറോട്ടയ്ക്ക് ഒപ്പം ചിക്കൻ കറിയും മട്ടൻ കറിയും വേണ്ട, ബീഫ് കറി തന്നെ മതിയെന്നാണ് താരം ഇപ്പോൾ കുറിച്ചിരിക്കുന്നത്.