ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ തിയറ്റര്‍ പ്രിന്റ് ചോര്‍ന്നു. തിയറ്ററില്‍ നിന്നും പകര്‍ത്തിയ ചിത്രത്തിന്റെ കോപ്പി ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചു. ‘ഒടിയന്‍ മാണിക്യന്‍ ലാലേട്ടന്‍’ എന്ന പേജില്‍ ചിത്രത്തില്‍ നിന്നുളള സ്ക്രീന്‍ഷോട്ടുകളും പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് ദുല്‍ഖര്‍ ആരാധകരും സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ രംഗത്തുവന്നു.

ചിത്രത്തിന്റെ റിലീസിന് പിറകെ ചിത്രത്തെ ഇടിച്ചു താഴ്ത്താനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്ന് ദുല്‍ഖര്‍ ആരാധകര്‍ ആരോപിക്കുന്നു. അതേസമയം തങ്ങളല്ല ചിത്രം ചോര്‍ത്തി പ്രചരിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ വാദിക്കുന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകമാണ് സോഷ്യല്‍മീഡിയയില്‍ സിനിമ പ്രചരിച്ചത്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതെങ്കിലും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. നാല് കഥകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനായ ബിജോയ് നമ്പ്യാര്‍ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു സോളോ. തമിഴിലും മലയാളത്തിലുമായി നിര്‍മ്മിച്ച സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിച്ചിരുന്നത്.
നാല് കഥകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമയില്‍ ശിവന്റെ പര്യായങ്ങളായ ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് പേരുകളിലാണ് നാല് കഥയും കഥപാത്രങ്ങളും ഉള്ളത്. ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് നടി നേഹ ശര്‍മ്മയാണ് അഭിനയിച്ചിരിക്കുന്നത്. കേരള കഫേക്കു ശേഷം പോപ്പുലര്‍ സിനിമ ആന്തോളജി പരീക്ഷിക്കുകയാണ് ‘സോളോ’യിലൂടെ. ശിവനിലൂടെ പഞ്ചഭൂതങ്ങളില്‍ നാലെണ്ണത്തെ ആശ്രയിച്ചാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.

മനോജ്. കെ. ജയന്‍, രഞ്ജി പണിക്കര്‍, നാസര്‍, സുഹാസിനി, ആന്‍ അഗസ്റ്റിന്‍, സൗബിന്‍, ദീപ്തി സതി, ബോളിവുഡ് താരം ദിനോ മോറിയ, സായ് തഹാന്‍കര്‍, ശ്രുതി ഹരിഹരന്‍, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ