പുസ്തകങ്ങള്‍ വായിച്ചു മാത്രമല്ല, ട്രോളുകള്‍ വായിച്ചും ഇനി സര്‍ക്കാര്‍ ജോലിക്കാരാകാം. ചിരിപ്പിച്ച് ചിരിപ്പിച്ച് വളരെ ലളിതമായി പിഎസ്‌സി പരീക്ഷയ്ക്ക് പഠിപ്പിക്കുകയാണ് കേരളത്തിലെ ഒരു പറ്റം യുവാക്കള്‍. ഇതിനായി ഇവര്‍ തിരഞ്ഞെടുത്തത് പുതിയ കാലത്തിന്റെ സ്പന്ദനങ്ങളായ ഫെയ്‌സ്ബുക്കും ട്രോളുകളും. പിഎസ്‌സി ട്രോള്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലെ ട്രോളുകളിലൂടെ പിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കാം. പേജ് തുടങ്ങി ഏതാനും മാസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഇതിനോടകം വന്‍ഹിറ്റായി കഴിഞ്ഞു. നര്‍മം നിറഞ്ഞ സിനിമാ രംഗങ്ങളിലും ഹിറ്റ് ഡയലോഗുകളിലും പിഎസ്‌സി ചോദ്യോത്തരങ്ങള്‍ കൗതുകകരമായി കോര്‍ത്തിണക്കിയുള്ളതാണ് ഓരോ ട്രോളുകളും. ഹാസ്യത്തോടൊപ്പം അറിവ് എന്നതാണ് പേജിന്റെ ടാഗ് ലൈന്‍. പിഎസ്‌സി മത്സരപരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ഫെയ്‌സ്ബുക്ക് പേജ്.
പുസ്തകം നോക്കി കുത്തിയിരുന്നു പഠിച്ച വിവരങ്ങളേക്കാള്‍ നമ്മുടെ മനസ്സിലുണ്ടാവുക ചിരിയുടെ അകമ്പടിയോടെ പഠിച്ച പല കാര്യങ്ങളുമാണ്. ഇതാണ് ഈ പേജിന്റെ വിജയ രഹസ്യം. പത്തനംതിട്ടയിലെ മുസ്‌ലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നിതിന്‍ രാജ് പുത്തന്‍വിളയിലാണ് പിഎസ്‌സി ട്രോള്‍സെന്ന വ്യത്യസ്തമായ ആശയത്തിനു പിന്നിലുള്ളത്. ഫെയ്‌സ്ബുക്കിലെ ഇന്റര്‍നാഷനല്‍ ചളു യൂണിയന്‍ പേജിന്റെ ഫാനായ നിതിന്‍ സെമസ്റ്റര്‍ ഇടവേളകളില്‍ പിഎസ്സി കോച്ചിങ്ങിനു പോയിരുന്നു. അറിവിനെയും തമാശയെയും എങ്ങനെ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ചിന്തയാണ് പിഎസ്‌സി ട്രോള്‍സിന്റെ പിറവിയ്ക്ക് വഴിവച്ചത്. ജൂലൈ നാലിനാണ് പിഎസ്‌സി ട്രോള്‍സ് പേജ് നിലവില്‍ വന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 93,629 ഫോളോവേഴ്സ് പേജിനുണ്ടായി. ലൈക്കടിച്ചും ഷെയര്‍ ചെയ്തും അഭിനന്ദിച്ചുള്ള കമന്റുകളുമിട്ടാണു നവമാധ്യമ ലോകം ഓരോ ട്രോളുകളെയും വരവേല്‍ക്കുന്നത്്. സാഹിത്യം, ചരിത്രം, ഗണിതം, ഭൂമിശാസ്ത്രം, ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളും ട്രോളുകളിലുണ്ട്.
വന്‍ പിന്തുണയാണ് പിഎസ്‌സി ട്രോള്‍സിനു ലഭിക്കുന്നതെന്നു പേജ് കൈകാര്യം ചെയ്യുന്ന ഒ.വി. വേണു പറഞ്ഞു. പരീക്ഷയ്ക്കു വരുന്ന പല വിഷയങ്ങളും ട്രോളാക്കാന്‍ ആവശ്യപ്പെട്ടുള്ള മെസേജുകള്‍ ലഭിക്കാറുണ്ട്. അതുപോലെ പല ചോദ്യങ്ങളുടെയും ഉത്തരങ്ങളാവശ്യപ്പെട്ടും പലരും പേജിനെ സമീപിക്കാറുണ്ടെന്നും വേണു കൂട്ടിച്ചേര്‍ത്തു. ട്രോളുകള്‍ വായിച്ചതിനാല്‍ പിഎസ്‌സി പരീക്ഷയ്്ക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിച്ചുവെന്നു പറഞ്ഞ് നീനു രജിത് എന്ന പെണ്‍കുട്ടി മെസേജ് അയച്ചത് ഏറ്റവും സന്തോഷമേകിയ കാര്യമാണെന്നും വേണു പറഞ്ഞു.
‘നമ്മള്‍’ സിനിമ ഒരു തവണ കണ്ടാല്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അതുപോലെയുള്ള അനുഭവമാണ് പിഎസ്‌സി ട്രോള്‍സ് നോക്കിയാലും കിട്ടുന്നത്. ഒരു വിവരം ട്രോളില്‍ കണ്ടാല്‍ മറക്കില്ല. ഓപ്ഷനില്‍ നിന്നും സംശയമേതുമില്ലാതെ ഉത്തരം തിരഞ്ഞെടുക്കാന്‍ ഈ ട്രോള്‍സ് സഹായിക്കും. അതുപോലെ പുസ്തകം നോക്കി പഠിക്കാന്‍ മടിയുള്ളവര്‍ക്ക് സഹായകമാണിതെന്നും നീനുവിന്റെ വാക്കുകള്‍.
പിഎസ്‌സി കോച്ചിങ് കേന്ദ്രങ്ങളും ട്രോളുകള്‍ ഷെയര്‍ ചെയ്ത് ഇവരുടെ കൂടെയുണ്ട്. പലരും ആശയം നല്‍കുന്നതനുസരിച്ചാണ് മിക്ക ട്രോളുകളും രൂപകല്‍പ്പന ചെയ്യുന്നത്. പേജ് ലൈക്ക് ചെയ്തവരുടെ ട്രോളുകളും പേജില്‍ ഉള്‍പ്പെടുത്താറുണ്ട്. ഏതാണ്ട് 21,000 ത്തിലധികം പേരടങ്ങുന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പും ഇവര്‍ക്കുണ്ട്. ഏതൊരു ട്രോളും പേജില്‍ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് അഡ്മിന്‍മാരടങ്ങുന്ന ക്ലോസ്ഡ് ഗ്രൂപ്പിന്റെ സ്‌ക്രീനിങ്ങിന് വിധേയമാവണം. അര്‍ജുന്‍ ശിവദാസ് കോന്നി, നിതിന്‍ രാജ് പുത്തന്‍വിളയില്‍, ലിജോകോശി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണു പേജ് തുടങ്ങിയത്. റിഗില്‍ പാനൂര്‍, ഷാന്‍ ഷബീര്‍, റെയ്നോള്‍ഡ് നോര്‍ബെര്‍ട്ട്, ആന്‍സണ്‍ വര്‍ഗീസ്, വേണു ഒ.വി എന്നിവരാണ് പേജിന്റെ മറ്റുള്ള അഡ്മിന്‍മാര്‍.

പിഎസ്സി പരീക്ഷകള്‍ക്ക് ഉപകരിക്കുന്ന ഒരു എന്‍സൈക്ലാപീഡിയയാണ് ഈ പേജെന്ന് പിഎസ്‌സി ട്രോള്‍സ് അംഗമായ കെ.എ. സാനിബ് പറയുന്നു. നമ്മള്‍ കണ്ടു പരിചയിച്ച സിനിമകളിലെ രംഗങ്ങളാകുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാനും ഓര്‍മയില്‍ വയ്ക്കാനും കഴിയുന്നതാണ് ഈ പേജിനെ തന്റെ ഇഷ്ടപ്പെട്ടതാക്കി മാറ്റുന്നതെന്നു മറ്റൊരംഗമായ കല കൃഷ്ണന്‍ പറഞ്ഞു. പുസ്തകം നോക്കി പഠിക്കുന്നതിലെ ബോറടിയില്‍നിന്നു ട്രോളുകള്‍ രക്ഷപ്പെടുത്തുന്നുണ്ടെന്നും കലയുടെ വാക്കുകള്‍.
ഏതു നേരവും ഫെയ്‌സ്ബുക്കിലാണെന്നു പറഞ്ഞു രോഷം കൊള്ളുന്ന മാതാപിതാക്കള്‍ക്കു മുന്നില്‍ ഞങ്ങള്‍ പിഎസ്‌സിയ്ക്ക് പഠിക്കുകയാണെന്നു പറയാനുള്ള ഒരവസരമാണ് പിഎസ്‌സി ട്രോള്‍സ് തുറന്നുതരുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ ലഭ്യമാവുന്ന തരത്തില്‍ ഇതൊരു ആപ്പായി ഇറക്കാനുള്ള പരിശ്രമത്തിലാണ് ഈ പേജിന്റെ അണിയറശില്പികള്‍.ഒപ്പം ഈ ട്രോളുകളുടെ പ്രദർശനം നടത്താനും ഇതൊരു പുസ്‌തകമാക്കാനും ഇവർക്ക് പ്ളാനുണ്ട്.