അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടലിന്റെ കന്നഡ ട്രെയിലറിന് വ്യാപക ട്രോള്‍. കന്നഡ പതിപ്പായ ഗൗഡരു ഹോട്ടലില്‍ നായകനാകുന്ന രചണ്‍ ചന്ദ്രയെ ആണ് ട്രോളന്മാര്‍ ആദ്യം എടുത്തിട്ട് അലക്കിയത്. കുഞ്ഞിക്കയ്ക്ക് പകരം വെക്കാന്‍ ‘ഏലൂര്‍ ജോര്‍ജ്ജിനെ’ ആണോ കൊണ്ടു വന്നതെന്ന് ഒരു വിരുതന്‍ കമന്റ് ചെയ്തു. രചണ്‍ ചന്ദ്രയെ കാണാന്‍ ഏലൂര്‍ ജോര്‍ജ്ജിനെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. കൂടാതെ ഭാവമൊന്നും മുഖത്ത് വരുന്നില്ലെന്ന് പറഞ്ഞ് രചണിനെ രാം ചരണായും ചിലര്‍ സാമ്യപ്പെടുത്തുന്നു.

കൂടാതെ ട്രെയിലറിന്റെ യൂട്യൂബ് കമന്റ്‌ബോക്‌സിലും മലയാളികള്‍ കമന്റുകളിലൂടെ ആക്രമണം നടത്തി. എന്നാല്‍ താമസിയാതെ കമന്റ് ചെയ്യാനുളള സൗകര്യം വീഡിയോയുടെ താഴെ നിന്നും അപ്രത്യക്ഷമായി. നേരത്തെ നിവിന്‍പോളിയുടെ പ്രേമം റീമേക്ക് ട്രെയിലര്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു വിധി.
അഞ്ജലി മേനോന്‍ തിരക്കഥ രചിച്ച ചിത്രം ദുല്‍ഖറിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു.

തിലകന്‍, സിദ്ധീഖ്, മാമുക്കോയ തുടങ്ങി സീനിയര്‍ അഭിനേതാക്കളെക്കാണ്ടും ചിത്രം സമ്പന്നമായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കന്നഡയില്‍ രചണ്‍ ചന്ദ്ര നായകനാകുമ്പോള്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. വേദയാണ് നായികാ കഥാപാത്രമാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ