മലയാളം സിനിമകളെ അന്യഭാഷകളിലേക്ക് റിമേക്ക് ചെയ്യുമ്പോള്‍ വളരെ കൗതുകത്തോടേയും ആകാംക്ഷയോടേയും നോക്കുന്നവരാണ് നമ്മള്‍. മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങള്‍ ആണെങ്കില്‍ അന്യഭാഷാ പതിപ്പും അതിലും മികച്ചത് ആകണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുക. എന്നാല്‍ റിമേക്കില്‍ ഒറിജിനല്‍ പതിപ്പിന്റെ സത്ത നഷ്ടപ്പെടുപ്പോള്‍ യാതൊരു ദയയും കാണിക്കാതെ നമ്മള്‍ ട്രോളുകയും ചെയ്യും.

മലയാളത്തില്‍ പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിച്ച ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത പുലിവാല്‍ കല്യാണം. സലിം കുമാര്‍ അവതരിപ്പിച്ച ‘മണവാളന്‍’ എന്ന കഥാപാത്രത്തെ അടക്കം ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളേയും ചിത്രവും മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. പോരാത്തതിന് ട്രോളന്മാരുടെ ഇഷ്ടതാരവുമാണ് മളവാളന്‍. എന്നാല്‌‍ 2003ല്‍ ഇറങ്ങിയ ചിത്രം 2006ല്‍ കന്നഡയിലേക്ക് റിമേക്ക് ചെയ്തിരുന്നു. ‘ചെല്ലട്ട’ എന്ന പേരിലായിരുന്നു ചിത്രം കന്നഡയിലെത്തിയത്.

ചിത്രം കന്നഡയിലും ഹിറ്റായിരുന്നുവെങ്കിലും മലയാളത്തിന്റെ അഭിനേതാക്കളുടെ പ്രകടനത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് കന്നഡയില്‍ ചെയ്തതെന്നും എന്നാല്‍ അതും പരാജയമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. ചിത്രത്തിലെ ഭാഗങ്ങള്‍ ഷെയര്‍ ചെയ്തും ട്രോളുകളുണ്ടാാക്കിയുമാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത്.

കന്നഡയിലേക്ക് മൊഴിമാറ്റിയ ഉസ്താദ്ം ഹോട്ടലിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോഴും വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ കന്നഡ പതിപ്പായ ഗൗഡരു ഹോട്ടലില്‍ നായകനാകുന്ന രചണ്‍ ചന്ദ്രയെ ആണ് ട്രോളന്മാര്‍ ആദ്യം എടുത്തിട്ട് അലക്കിയത്. കുഞ്ഞിക്കയ്ക്ക് പകരം വെക്കാന്‍ ‘ഏലൂര്‍ ജോര്‍ജ്ജിനെ’ ആണോ കൊണ്ടു വന്നതെന്ന് ഒരു വിരുതന്‍ കമന്റ് ചെയ്തു. രചണ്‍ ചന്ദ്രയെ കാണാന്‍ ഏലൂര്‍ ജോര്‍ജ്ജിനെ പോലെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. കൂടാതെ ഭാവമൊന്നും മുഖത്ത് വരുന്നില്ലെന്ന് പറഞ്ഞ് രചണിനെ രാം ചരണായും ചിലര്‍ സാമ്യപ്പെടുത്തുന്നു.

കൂടാതെ ട്രെയിലറിന്റെ യൂട്യൂബ് കമന്റ്‌ബോക്‌സിലും മലയാളികള്‍ കമന്റുകളിലൂടെ ആക്രമണം നടത്തി. എന്നാല്‍ താമസിയാതെ കമന്റ് ചെയ്യാനുളള സൗകര്യം വീഡിയോയുടെ താഴെ നിന്നും അപ്രത്യക്ഷമായി. നേരത്തെ നിവിന്‍പോളിയുടെ പ്രേമം റീമേക്ക് ട്രെയിലര്‍ വന്നപ്പോഴും ഇത് തന്നെയായിരുന്നു വിധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ