മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവനയെ ട്രോളി സോഷ്യല്‍ മീഡിയ. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത്. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.

ബിപ്ലബിന്റെ പ്രസ്താവനയെ നിര്‍ത്താതെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ഇന്റര്‍നെറ്റ് സംവിധാനങ്ങളായ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ മാപ്പ്, ഹോട്ട സ്‌പോട്ട്, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയവയെല്ലാം പാണ്ഡവരും കൗരവ്വരുമെല്ലാം ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് മിക്ക ട്രോളുകളിലും വിടരുന്ന ഭാവന. ഗൂഗിള്‍ മാപ്പ് നോക്കി ചക്രവ്യൂഹത്തിലെത്തിയ അഭിമന്യു മുതല്‍ അര്‍ജുനന്റെ ഹോട്ട് സ്‌പോട്ട് ചോര്‍ത്തിയ കൃഷ്ണനും പാണ്ഡവരെ കൊണ്ട് റീ ചാര്‍ജ് ചെയ്യിപ്പിക്കുന്ന പാഞ്ചാലി വരെ ട്രോളില്‍ നിറയുന്നുണ്ട്.

അതേസമയം തന്റെ പ്രസ്താവനയെ ന്യായീകരിച്ച് ബിപ്ലബ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ”സ്വന്തം രാജ്യത്തെ ചെറുതാക്കി കാണിക്കുകയാണ് അവര്‍. എന്നിട്ട് വിദേശ രാജ്യങ്ങളെ പറ്റി പുകഴ്ത്തി പറയും. പക്ഷെ സത്യം വിശ്വസിച്ചേ പറ്റൂ. സ്വയം ആശയക്കുഴപ്പമുണ്ടാക്കരുത് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയുമരുത്,” തന്റെ പ്രസ്താവനയെ പരിഹസിച്ചവരെ വിമര്‍ശിച്ചു കൊണ്ട് ബിപ്ലബ് കുമാര്‍ പറഞ്ഞു.

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ഇതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുന്നെയാണ് ത്രിപുര മുഖ്യമന്ത്രി അടുത്ത വെടിപൊട്ടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ