ഏതാണ്ട് മൂന്നു മാസം നീണ്ട കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയർന്നിരുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളെത്തുടർന്ന് കടകൾ തുറക്കാൻ കഴിയാതിരുന്നതോടെ വ്യാപാരികൾ സർക്കാരിനെതിരെ രംഗത്തുവന്നു. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പൊലീസ് സ്വീകരിക്കുന്ന മനുഷ്യത്വരഹിത സമീപനങ്ങൾക്കെതിരെ പൊതുജനങ്ങൾ പരസ്യമായി പ്രതികരിക്കാനും ജീവിതോപാധികൾ ഇല്ലാതായതിനെത്തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുകയും ചെയ്തതോടെ സർക്കാരിനു മാറി ചിന്തിക്കേണ്ടി വന്നു. എന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ ഭാരമാകുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. കടകൾ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉൾപ്പടെയുള്ള ഇളവുകളാണ് ഇന്നു മുതൽ നിലവിൽ വന്നത്.
എന്നാൽ കടകളിൽ പോകാൻ വാക്സിൻ എടുത്തതിന്റെ രേഖയോ, ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചുവെന്നതിന്റെ രേഖയോ, കോവിഡ് നെഗറ്റീവ് ഫലമോ വേണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്. എന്നാൽ പുതിയ ഇളവുകൾക്ക് എതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ട് രണ്ടാഴ്ച ആയവർക്കും, 72 മണിക്കൂറിനുള്ളിൽ ചെയ്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്കും ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും മാത്രമേ കടകൾ, ചന്തകൾ, ബാങ്കുകൾ, പൊതു സ്വകാര്യ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ , വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ, തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് ഇന്നലെ ഇറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നത്.
കോവിഡ് വരാത്തവർക്കും വാക്സിൻ ലഭിക്കാത്തവർക്കും കടകളിലും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പോകേണ്ടെയെന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ജീവിതോപാധികൾ ഇല്ലാതായവർക്ക് എപ്പോഴും ആർടിപിസിആർ ടെസ്റ്റ് എടുക്കാൻ കഴിയുമോയെന്നും അതിനുള്ള
സൗകര്യം സർക്കാർ ഒരുക്കുമോയെന്നും ചോദ്യമുയരുന്നുണ്ട്.
പ്രതിഷേധം വ്യാപകമാകുമ്പോഴും ഉത്തരവിൽ മാറ്റം വരുത്തില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയത് അതിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ, ആരോഗ്യ മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.
Also read: ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം