നവമാധ്യമങ്ങളിൽ പൊങ്കാലയിടുന്നവരിൽ അഗ്ര ഗണ്യരാണ് മലയാളികൾ. മലയാളികൾക്ക് ട്രോളാൻ തോന്നിയാൽ അപ്പുറത്ത് ആരെന്നുളളത് വിഷയമേയല്ല. സച്ചിനെയറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവ ഒരിക്കൽ ഈ പൊങ്കാലയിടൽ നേരിട്ടനുഭവിച്ചതുമാണ്. പുതിയതായി മലയാളികളുടെ ട്രോൾ ആക്രമണത്തിനിരയായിരിക്കുന്നത് ഓസ്‌ട്രേലിയൻ മാധ്യമമായ ഫോക്‌സ് സ്‌പോർട്സ് ഓസ്ട്രേലിയയാണ്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ മോശമാക്കുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ഫോട്ടോയ്‌ക്ക് താഴെയാണ് മലയാളികളുടെ പൊങ്കാലയിടൽ.

പാണ്ടയുടേയും പട്ടിയുടേയും പൂച്ചയുടേയും ഫോട്ടോയ്ക്കൊപ്പം വിരാടിന്റെ പടം ഫോക്‌സ് സ്‌പോട്‌സ് ഓസ്‌ട്രേലിയ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘ഈയാഴ്ച്ചയില്‍ കൂട്ടത്തിലെ വില്ലനാര്’ എന്ന ചോദ്യമോടെ ചിത്രം പ്രസിദ്ധീകരിച്ചത്. അതില്‍ കോഹ്‌ലിയ്‌ക്ക് പ്രാമുഖ്യം നല്‍കി ലൈക്ക് ബട്ടനാണ് കോഹ്‌ലിയെ പിന്തുണയ്ക്കുന്നവര്‍ അമര്‍ത്തേണ്ടത്. മറ്റു മൃഗങ്ങള്‍ക്ക് മറ്റ് റിയാക്ഷനുകളും. ഇതിന് താഴെയാണ് രൂക്ഷ വിമർശനവുമായി മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിലാണ് പലരും തെറി അഭിഷേകം നടത്തിയിരിക്കുന്നത്.

ഓസീസിനെതിരെയുളള പരമ്പര വിജയത്തിന് ശേഷം ഒരു വരവ് കൂടെ ഇവിടെ വരേണ്ടി വരുമെന്ന് രാജമാണിക്യം സ്റ്റൈലിൽ കമന്റുകൾ വരുന്നുണ്ട്. കോഹ്‌ലി തങ്ങളുടെ മുത്താണെന്നും തൊട്ട് കളിക്കേണ്ട എന്നെല്ലാം കമന്റുകൾ കാണുന്നുണ്ട്. ഇന്ത്യക്കാരനായ ഒരാളെ അധിക്ഷേപിച്ചാൽ ചോദിക്കാൻ മലയാളികളെത്തുമെന്ന് പറഞ്ഞുളളള കമന്റുകളും ഉണ്ട്. എങ്കിലും പോസ്റ്റിന് താഴെയുളള മിക്ക കമന്റുകളും അക്ഷരാർത്ഥത്തിൽ ഫോക്‌സ് സ്‌പോട്‌സ് ഓസ്‌ട്രേലിയയെ ചീത്ത വിളിച്ചിട്ടുളളതായിരുന്നു. ഫോക്‌സ് സ്‌പോട്‌സ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് മലയാളികൾ നല്ല പച്ച മലയാള ഭാഷയിൽ പൊങ്കാലയിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ