ബുധനാഴ്ച ഉച്ചയോടെയാണ് ‘നടി നിത്യ മേനൻ വിവാഹിതയാവുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടൻ’ എന്ന രീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒട്ടുമിക്ക മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു. ഒടുവിൽ വിവാഹവാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് നിത്യ മേനൻ തന്നെ രംഗത്തുവരികയായിരുന്നു.
Read more: പ്രമുഖനടന്‍ ആര്?; നിത്യ മേനന്റെ വിവാഹവാര്‍ത്തയ്ക്ക് പിന്നാലെ കൊണ്ട് പിടിച്ചു ചര്‍ച്ച
അതിനിടയിൽ, നിത്യ മേനന്റെ വിവാഹവാർത്തയോട് സന്തോഷ് വർക്കി നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി, സോഷ്യൽ മീഡിയയുടെ സ്വന്തം ആറാട്ടണ്ണൻ. നിത്യ മേനനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും മുൻപ് സന്തോഷ് വ്യക്തമാക്കിയിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നാണ് സന്തോഷ് പല അഭിമുഖങ്ങളിലും ആവർത്തിച്ചത്.
കമ്മിറ്റഡാണെന്ന് നിത്യ നേരത്തെ പറഞ്ഞിരുന്നെങ്കിൽ താൻ സമയം കളയില്ലായിരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ സന്തോഷ് പറയുന്നത്. “ഇന്നലെ വൈകിട്ട് ഞാനൊരു വാർത്ത കണ്ടു. നിത്യ മേനോൻ മലയാളത്തിലെ ഒരു പ്രമുഖ നടനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന്. സിനിമ രംഗമായതിനാൽ, ആ വാർത്ത സത്യമാണോ ഗോസിപ്പാണോ എന്നൊന്നും അറിയില്ല. വാർത്ത സത്യമാണെങ്കിൽ അത് വേദനജനകമാണ്.”
“വാർത്ത കണ്ട് ഉടനെ ഞാൻ നിത്യയുടെ മാതാപിതാക്കളേയും സംവിധായകൻ വി.കെ പ്രകാശ് സാറിനേയും വിളിച്ചിരുന്നുവെങ്കിലും അവർ മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു. വാർത്ത സത്യമാണെങ്കിൽ, നിത്യ കമ്മിറ്റഡ് ആണെങ്കിൽ നിത്യയ്ക്ക് ഇക്കാര്യം എന്നോട് നേരത്തെ പറയാമായിരുന്നു. വെറുതെ എന്റെ സമയവും അധ്വാനവും കാശും വെറുതെ കളയില്ലായിരുന്നു,” സന്തോഷ് പറയുന്നു.
“നിത്യ മേനന്റെ വിവാഹവാർത്തയറിഞ്ഞ് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നൊക്കെയുള്ള വാർത്തകൾ കണ്ടു. ഞാൻ ആത്മഹത്യയൊന്നും ചെയ്യാൻ പോകുന്നില്ല. പക്ഷെ ജീവിതത്തിൽ മറ്റൊരു വിവാഹം ഉണ്ടാകില്ല. എന്റെ ജീവിതം ഗവേഷണത്തിന് വേണ്ടി മാറ്റിവെക്കുകയാണ്,” സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.