അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. നാളെയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള വാക്പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇന്നലെ പിന്നോക്കവിഭാഗ നേതാവും കോണ്‍ഗ്രസിലെ പുത്തന്‍ സാന്നിധ്യവുമായ അല്‍പേഷ് താക്കൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മോദിയുടെ തൊലിവെളുപ്പിന്റെ രഹസ്യം വെളിപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒന്നിന് 80,000 രൂപ വില വരുന്ന കൂണ്‍ ആണ് മോദിയുടെ സൗന്ദര്യ രഹസ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത്തരത്തില്‍ അഞ്ച് മഷ്റൂമുകളാണ് മോദി ഒരു ദിവസം കഴിക്കുന്നതെന്നും അല്‍പേഷ് പറഞ്ഞു. ‘തായ്‌വാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കൂണുകളാണ് മോദിജി കഴിക്കുന്നത്. ഒരു കൂണിന് 80,000 രൂപ വില വരുന്ന 5 കൂണുകളാണ് അദ്ദേഹം ഒരു ദിവസം കഴിക്കാറുളളത്. എന്നെ പോലെ ഇരുണ്ട നിറം ആയിരുന്നു അദ്ദേഹത്തിന്. ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചാണ് അദ്ദേഹം നിറംവച്ചത്’, അല്‍പേഷ് താക്കൂര്‍ ആരോപിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ പ്രസ്താവനയെ പരിഹസിച്ച് മെമെകള്‍ നിറഞ്ഞു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുപി മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ മെമെകളില്‍ സ്ഥാനം പിടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ