ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ ആദ്യമായി ഒരു അഭിമുഖം നല്‍കിയ മോദിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. മോദി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനെതിരെ ട്വിറ്ററില്‍ പരിഹാസം ഉയര്‍ന്നു. കോണ്‍ഗ്രസായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. മോദിയോട് മാധ്യമപ്രവര്‍ത്തക ചോദിക്കാതെ പോയ 10 ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തി. മോദി ഉത്തരം തയ്യാറാക്കി നല്‍കിയപ്പോള്‍ അതിന് അനുസരിച്ച് ചോദ്യം തയ്യാറാക്കി മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് ചോദിച്ചുവെന്നാണ് ആക്ഷേപം. മോദിയുടെ പല ഉത്തരങ്ങളേയും ഖണ്ഡിക്കാനുളള ചോദ്യങ്ങളുണ്ടായിരുന്നിട്ടും മാധ്യമപ്രവര്‍ത്തക ചോദിക്കാതിരുന്നത് ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചു.

ശബരിമല വിഷയം മുതല്‍ രാമക്ഷേത്രം വരെ അഭിമുഖത്തില്‍ പരാമര്‍ശിച്ചെങ്കിലും ഇതൊക്കെ മുമ്പ് മോദി വാതോരാതെ പ്രസംഗിച്ച പ്രസംഗങ്ങളിലെ വാക്കുകള്‍ മാത്രമാണെന്നാണ് ആക്ഷേപം. ആത്മപ്രശംസ മാത്രമാണ് മോദി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അഭിമുഖത്തിന് താരതമ്യേന നെഗറ്റീവ് പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചത്. അതേസമയം, മോദിയെ പുകഴ്ത്തിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വിഷയങ്ങളും ഒരൊറ്റ അഭിമുഖത്തിലൂടെ പറഞ്ഞെന്നാണ് ഇവരുടെ വാദം. അതേസമയം, പ്രതിച്ഛായ നന്നാക്കാന്‍ അവസാനം മോദി അഭിമുഖത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നും പറയുന്നവരുണ്ട്.

മോദി തന്നെ ചോദ്യം ചോദിച്ച് മോദി തന്നെ ഉത്തരം പറയുകയായിരുന്നുവെന്ന് പലരും പരിഹസിച്ചു. അല്ലെങ്കില്‍ എഎന്‍ഐ രക്ഷാപ്രവര്‍ത്തനത്തിന് മുതിരുകയായിരുന്നുവെന്നും അഭിപ്രായം ഉയര്‍ന്നു. ശബരിമല വിഷയവും മുത്തലാഖും രണ്ടും രണ്ടാണെന്ന് പറഞ്ഞ മോദിയോട് ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലേയും ഹാജി അലി ദര്‍ഗയിലേയും സ്ത്രീ പ്രവേശനങ്ങളെ കുറിച്ചുളള ചോദ്യം ഉയര്‍ത്താത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook