തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചവരേയും അവാര്‍ഡ് ജൂറിയേയും പ്രശംസിച്ച് സോഷ്യല്‍ മീഡിയ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രന്‍സിനാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി. താരത്തിന്റെ അഭിനയ മികവിന് അര്‍ഹിച്ച അംഗീകാരം നല്‍കിയ ജൂറിയേയും സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്.

മികച്ച നടിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാര്‍വ്വതിയ്ക്കും സോഷ്യല്‍ മീഡിയയും സിനിമാ രംഗവും അഭിനന്ദനങ്ങളുമായെത്തി. ഈയ്യടുത്ത് പാര്‍വ്വതിയ്‌ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനുള്ള മറുപടിയായാണ് അവാര്‍ഡിനെ മിക്കവരും കാണുന്നത്. ടേക്ക് ഓഫിലെ അഭിനയത്തിനാണ് മികച്ച നടിയായി പാര്‍വ്വതിയെ തിരഞ്ഞെടുത്തത്.

ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് (ഈ മ യൗ).

110 സിനിമകളാണ് അവാര്‍ഡ് കമ്മിറ്റിക്ക് മുന്നിലെത്തിയത്. അതില്‍ 58 സിനിമകള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു സിനിമ മാത്രമായിരുന്നു സ്ത്രീ സംവിധായികയുടേത്. 110 സിനിമകള്‍ ഉണ്ടായിരുന്നിട്ടും പൊതുവായുളള സിനിമകളുടെ നിലവാരം നല്ലതായിരുന്നുല്ല. ഒട്ടുമിക്ക ചിത്രങ്ങളും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ ഉളളതായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ചില പ്രതികരണങ്ങള്‍ കാണാം