ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. സരോജ് പാണ്ഡെയുടെ പോസ്റ്റുകള്‍ക്ക് താഴെയാണ് ട്രോളുകളും മറുപടികളുമായി മലയാളികള്‍ അണിനിരന്നത്.

സംഘപരിവാര്‍ ഭരിക്കുന്ന ഇരുട്ടു കയറിയ ഗ്രാമങ്ങളില്‍ കളിച്ചാല്‍ മതിയെന്നും നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന കേരളത്തിലേക്ക് വിദ്വേഷവും കൊണ്ട് വരേണ്ടെന്നും സരോജ് പാണ്ഡെയ്ക്ക് മുന്നറിയിപ്പ് ഉയര്‍ന്നു. ഹര്‍ത്താല്‍ ദിനം ആയത് കൊണ്ട് നിരവധി പേരാണ് വിദ്വേഷ പ്രസംഗത്തിനെതിരെ ഇവരുടെ ഫെയ്സ്ബുക്കില്‍ പ്രതിഷേധവുമായി എത്തിയത്. ‘ചേച്ചി’ എന്ന് അഭിസംബോധന ചെയ്താണ് ട്രോളുകള്‍ ഏറെയും.

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുൻ ലോക്‌സഭാ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുമെന്നും മുൻ ദേശീയ മഹിള മോർച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

കുംഹാരിയിൽ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സർക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവർ തുറന്നടിച്ചു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്രെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook