തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴ.
കാബിനറ്റ് റാങ്കോടെയാണ് തോമസിന്റെ നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എ.സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് തോമസിന് നൽകുന്നത്.
സമ്പത്തിനെ കൂട്ടുപിടിച്ചു തന്നെയാണ് പലരും തോമസിനേയും പരിഹസിക്കുന്നത്. “സമ്പത്ത് അവസാനിപ്പിച്ചിടത്ത് നിന്ന് തോമസ് തുടങ്ങും, സമ്പത്ത് വേര്‍ഷന്‍ രണ്ട്, സമ്പത്ത് പോയാല്‍ എന്ത് കെ വി തോമസ് മാഷുണ്ടല്ലൊ, സമ്പത്തിനെ നൈസായി തേച്ചത് ശരിയായില്ല,” തുടങ്ങിയ അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
തോമസിന്റെ നിയമനത്തില്‍ സര്‍ക്കാരിനും ഒരു ലോഡ് പരിഹാസം വിളമ്പുന്നുണ്ട് ട്രോളന്മാര്. “കെ വി തോമസിനെ മൂലയില്‍ കൊണ്ടു പോയി ഇരുത്തിച്ചു, നാടിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തി സര്‍ക്കാര്‍, സഖാവ് കെ വി തോമസ് ജനങ്ങളുടെ പണം കൊണ്ട് ജീവിക്കാന്‍ പോകുന്നു, ചിലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ചിലവ് കൂട്ടുന്നു,” എന്നിങ്ങനെയാണ് സര്‍ക്കാരിനുള്ള വിമര്‍ശനങ്ങള്‍.
“സഖാക്കളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് തോമാച്ചായൻ പിൻവാതിൽ വഴി ക്യാബിനറ്റ് റാങ്ക് അടിച്ചോണ്ട് പോയിരിക്കുന്നു, താമസിക്കാൻ ഇടമില്ലാത്തവർക്ക് നൽകുന്ന ലൈഫ് പദ്ധതിയിലാണ് ഇദ്ദേഹത്തിനും അനുവദിച്ചത്,”,പരിഹാസ കമന്റുകള്‍ ഇങ്ങനെ നീളുന്നു.
കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള തോമസിന്റെ കേന്ദ്രമന്ത്രിമാരുമായുള്ള അടുത്തബന്ധം കണക്കിലെടുത്താണ് പുതിയ പദവി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം.
നിലവിൽ ഇതേ ജോലികൾക്കായി കേരളത്തിന്റെ രണ്ടു പ്രതിനിധികളായ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണിയും ഡൽഹിയിലുണ്ട്. ഇവർക്കു പുറമേയാണ് പുറമെയാണ് തോമസിന്റെ നിയമനം.
പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നു തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി.
പദവി ചോദിച്ചു വാങ്ങിയതല്ലെ എന്നായിരുന്നു തോമസിന്റെ ആദ്യ പ്രതികരണം. “ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. പ്രധാനമന്ത്രിയുമായി വരെ ബന്ധമുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ്. യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്,” അദ്ദേഹം വ്യക്തമാക്കി.