ആഢംബര കാ​ർ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിൽ രജിസ്റ്റര്‍ ചെയ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണത്തെ പരിഹസിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട നടി അമല പോളിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടുള്ള അമലയുടെ പരിഹാസ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തി.

“ചിലപ്പോള്‍ നഗരജീവിതത്തിന്റെ കിറുക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നാറുണ്ട് എനിക്ക്. ഇപ്പോള്‍ ഒരു ബോട്ട് യാത്രയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ചുരുങ്ങിയത് നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അല്ലെങ്കില്‍ എന്റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ” എന്നായിരുന്നു അമലാപോളിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കേരളപ്പിറവി ആശംസകള്‍, ബോട്ട് റൈഡ്, നോ രജിസ്ട്രേഷന്‍ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് അമല ഈ പോസ്റ്റിട്ടിരിക്കുന്നത്.

അമല ഒരു കോടി രൂപ വിലവരുന്ന തന്റെ മെഴ്സിഡസ് എസ്. ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വലിയ വിവാദമായത്. ഇതുവഴി കേരള സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന ഇരുപത് ലക്ഷം രൂപ നഷ്ടമായിരുന്നു. പോണ്ടിച്ചേരി തിലാസ്പേട്ടിലെ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പോസ്റ്റിനെതിരെയാണ് രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നത്. സാധാരണക്കാരൻ ഒരു മനുഷ്യായുസ്സ്‌ മുഴുവൻ ജോലി ചെയ്താൽ കിട്ടാത്ത അത്രയും പണം നിങ്ങള്‍ക്ക് മൂന്നോ നാലോ മാസം കൊണ്ട്‌ തീരുന്ന സിനിമാ ഷെഡ്യൂളിൽ നിന്നും കിട്ടുന്നില്ലേ എന്നും കടലോളം ഉണ്ടായിട്ടും എന്തിന്നാണു നക്കി കുടിക്കുന്നത്‌, കോരി കുടിച്ചൂടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. നിങ്ങളുടെ സിനിമയൊക്കെ പ്രേക്ഷകർ ടാക്സ് അടച്ചിട്ടാ കാണുന്നേ, പോയി ടാക്സ് അടച് വണ്ടി വീണ്ടും രജിസ്റ്റർ ചെയ്യൂ കുട്ടീ, എന്തിനാണ് ഈ അസഹിഷ്ണുതയെന്നും ന്യായീകരണവുമായി ഇറങ്ങാൻ ഉളുപ്പില്ലേ..ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം അമലയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അമല പോളിനെയും ഫഹദ് ഫാസിലിനെയും കുറ്റം പറയാൻ പറ്റില്ല. 20 ലക്ഷം രൂപ റോഡ് ടാക്സ് അടച്ചിട്ടു 1000 രൂപയുടെ ഗുണം ഇല്ലാത്ത റോഡിൽ ആഡംബര വാഹനം ഓടിക്കുന്നതിനേക്കാളും നല്ലത് 1 ലക്ഷം കൊടുക്കുന്നതാണെന്നു തോന്നിക്കാണും. കുളവും തോടും പോലെ തോന്നിക്കുന്ന റോഡിന് ഒരു രൂപ പോലും നികുതി അടക്കരുതെന്നും പറയുന്നവരുമുണ്ട്.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ