ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ചരിത്രം സൃഷ്ടിച്ചത്. കോഴിക്കോട് ഇടക്കുളങ്ങര നില ഹൗസിൽ ബിന്ദു (41), പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൃഷ്ണപുരിയിൽ കനകദുർഗ (46) എന്നിവരാണ് ദര്‍ശനം നടത്തി മടങ്ങിയത്. ഇരുവരും ശബരിമലയില്‍ ദര്‍ശനം നടത്തിയത് ആഘോഷപൂര്‍വ്വം സ്വീകരിക്കുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ. ഇനി തങ്ങള്‍ക്കും ശബരിമലയില്‍ കയറാനാവുമെന്ന് മറ്റ് യുവതികളും സോഷ്യൽ മീഡിയയിലൂടെ പ്രതീക്ഷ പങ്കുവച്ചു. നേരത്തേ ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ വാര്‍ത്തകള്‍ നല്കിയ റിപബ്ലിക് ടിവി പോലും യുവതീ പ്രവേശനത്തിന് വന്‍ കവറേജ് ആണ് നല്‍കുന്നത്. ‘ശബരിമല വിജയം’ എന്ന തലക്കെട്ടിലാണ് ചാനലില്‍ വാര്‍ത്ത പോയത്.
ഇതും സോഷ്യൽ മീഡിയയില്‍ പരിഹസിക്കപ്പെട്ടു. അതേസമയം, യുവതീപ്രവേശനം തടയാന്‍ ശ്രമിച്ച സംഘപരിവാറിനെതിരേയും തന്ത്രിക്കെതിരേയും സോഷ്യൽ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 24ന് രാവിലെ 6 ഓടുകൂടി അയ്യപ്പദർശനത്തിനായി എത്തിയ ബിന്ദുവിനേയും കനകദുര്‍ഗയേയും കനത്ത പ്രതിഷേധം കാരണം പൊലീസ് തിരിച്ചിറക്കിയിരുന്നു. കാനനപാതയിൽ പലയിടത്തും പ്രതിഷേധക്കാർ തടഞ്ഞത് സംഘർഷാന്തരീക്ഷത്തിന് കാരണമായിരുന്നു. പൊലീസ് സംരക്ഷണയിൽ യുവതികളെ മുന്നോട്ടുകൊണ്ടുപോയെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്.
ഒരിഞ്ചുപോലും മുന്നോട്ട് പോകാൻ കഴിയാത്ത രീതിയിൽ പ്രതിഷേധക്കാർ കാനനപാതയിൽ നിറഞ്ഞു. ബലപ്രയോഗം വേണ്ടെന്ന് മുകളിൽ നിന്ന് നിർദേശം വന്നതോടെ പൊലീസ് അനുനയ ശ്രമത്തിലാവുകയായിരുന്നു. തുടർന്ന് യുവതികളെ പിന്തിരിപ്പിക്കാൻ ശ്രമം തുടങ്ങിയെങ്കിലും യുവതികൾ വഴങ്ങിയില്ല. തുടർന്ന് യുവതികളിലൊരാൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന പ്രചാരണമുണ്ടായതോടെ ഇരുവരേയും പൊലീസ് തിരിച്ചിറക്കി. അന്ന് ഇവർ പമ്പയിൽ നിന്ന് മൂന്ന് കിലോമീറ്റർ പിന്നിട്ടിരുന്നു. ഒന്നര കിലോമീറ്റർ കൂടി പിന്നിട്ടിരുന്നുവെങ്കിൽ സന്നിധാനത്ത് എത്തിയേനെ. എന്നാൽ, തങ്ങൾ വീണ്ടുമെത്തുമെന്ന് യുവതികൾ അന്നുതന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും എത്തി ഇരുവരും ചരിത്രത്തിന്റെ തന്നെ ഭാഗമായത്.