കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത് പ്രത്യക്ഷമാണ്. ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി സഹതാപതരംഗം സൃഷ്ടിക്കുന്നതിന് ചരട് വലിക്കുന്നത് കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സി വഴിയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ തന്നെ ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ദിലീപിനായി ഒരു ആരാധകന്‍ ഒരു പാട്ടുമായി വന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ‘ആശയറ്റ ആയിരങ്ങളുടെ കൈപിടിച്ചയാളാണ്’ ദിലീപെന്ന് അര്‍ത്ഥം വരുന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ പാട്ടിനെ വിമര്‍ശിച്ച് ട്രോളുകള്‍ നിറഞ്ഞു തുടങ്ങി.
ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണത്രേ ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുത് എന്ന് തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് പ്രചരണം.

അറസ്റ്റിലായത് മുതല്‍ ദിലീപിനെതിരെ മാത്രം അഭിപ്രായങ്ങള്‍ ഉയര്‍ന്നത് ഇന്ന് മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ തുറന്നാല്‍ കാണുന്നത് മുഴുവന്‍ ദിലീപിന്റെ അപദാന കഥകളാണ്. മാത്രമല്ല നടിയെ അപമാനിക്കുന്ന പോസ്റ്റുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ