വെറും താരനിശകൾ മാത്രമായി അവാർഡ് ദാന ചടങ്ങുകൾ മാറുമ്പോൾ അതിൽ നിന്നും വ്യത്യസ്‌തമാവുകയായിരുന്നു സിനിമാ പാരഡീസോ ക്ളബിന്റെ(സിപിസി) പുരസ്കാര സമർപ്പണം.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്കാരം നേടിയ വിനായകനെയും സഹനടനായി തിരഞ്ഞെടുത്ത മണികണ്ഠനെും അഭിനന്ദിച്ച് ദുൽഖർ സൽമാൻ. കമ്മട്ടിപ്പാടത്തിലെ യഥാർത്ഥ നായകന്മാർ ഇവർ രണ്ടു പേരുമാണെന്നാണ് ദുൽഖർ സൽമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
കമ്മട്ടിപ്പടത്തിലെ മികച്ച പ്രകടനങ്ങൾക്ക് വിനായകൻ ചേട്ടനും മണികണ്ഠൻ ചേട്ടനും അഭിനന്ദിക്കപ്പെടുന്നത് കാണുമ്പോൾ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുകയാണ്. ആ സിനിമയുടെ ഭാഗമാവാനും അവരിൽ നിന്ന് പഠിക്കാനും സാധിച്ചതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവനാണ്. നേരത്തെ പറഞ്ഞത് തന്നെ ഞാനിപ്പേഴും പറയുന്നു അവർ തന്നെയാണ് കമ്മട്ടിപ്പാടത്തിലെ യഥാർത്ഥ നായകന്മാർ – ദുൽഖർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നായക സങ്കൽപ്പങ്ങളെ പുതിയ തലമുറ പൊളിച്ചടുക്കുന്ന കാഴ്‌ചയ്ക്കാണ് സിനിമാ പാരഡീസോ ക്ളബിന്റെ പുരാസകാര സമർപ്പണം സാക്ഷ്യം വഹിച്ചതെന്ന് ആഷിക് അബു. വലിയ മാറ്റത്തിലേക്കുളള ആദ്യ കാൽവയ്പെന്നാണ് സിനിമാ പാരഡീസോ ക്ളബ് തുടങ്ങിവെച്ചതെന്നും ആഷിക് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നായകസങ്കല്പങ്ങളെ പുതിയ തലമുറ പൊളിച്ചടുക്കുന്ന കാഴ്ച്ച. ആദ്യത്തെ ജനകീയ ജനാധിപത്യ സിനിമാ പുരസ്‌ക്കാരങ്ങളാണ് അതിന് സാക്ഷ്യം. കലാസ്വാദനവും ഒരു കലയാണ്. സിനിമാ പാരഡിസോ ക്ലബ് തുടങ്ങിവച്ചത് വലിയ മാറ്റത്തിലേക്കുള്ള ആദ്യ കാൽവെപ്പാണ്. ചടങ്ങ് ലളിതവും സത്യസന്ധവും സരസവുമായിരുന്നു. സിനിമയെ സീരിയസായി പ്രേമിക്കുന്ന ആളുകളുടെ കൂട്ടമാണിവിടം. ഏവർക്കും ഹൃദയാഭിവാദ്യം ജനാധിപത്യം പുലരട്ടെ !
സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന പുരസ്‌കാര സമർപ്പണമാണ് സിപിസിയുടേത്.
മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തൻ കഴിഞ്ഞ വർഷത്തെ മികച്ച സിനിമയുടെ സംവിധായകനുള്ള പുരസ്കാരം നേടി. കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വിനായകന് മികച്ച നടനായി. കമ്മട്ടിപ്പാടത്തിലഭിനയിച്ച മണികണ്ഠൻ സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടിയായി സായി പല്ലവിയെയും രജിഷ വിജയനെയും തിരഞ്ഞെടുത്തു. ഇന്ദ്രൻസിന് ലൈഫ്ടൈം അച്ചീവ്മെന്റ് അംഗീകാരം സമ്മാനിച്ചു. അര്‍ഹിച്ച അംഗീകരമാണ് ഇന്ദ്രന്‍സിന് ലഭിച്ചതെന്ന് ആഷിഖ് അബു പ്രതികരിച്ചിരുന്നു.
മികച്ച സംവിധായകൻ ദിലീഷ് പോത്തൻ, കാമറ ഷൈജു ഖാലിദ്, തിരക്കഥാകൃത്തായ ശ്യാംപുഷ്കരൻ, സംഗീത സംവിധായകനായ ബിജിപാൽ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. സഹനടനുള്ള പുരസ്കാരം മണികണ്ഠൻ ആചാരി സ്വീകരിച്ചു. സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
ഓഡിയന്‍സ് പോളും ജൂറിയുടെ മാര്‍ക്കും പരിഗണിച്ചായിരുന്നു പുരസ്‌കാരം നിര്‍ണയം. ഓഡിയന്‍സ് പോളില്‍ ഓരോ വിഭാഗത്തിലും കൂടുതല്‍ വോട്ട് നേടിയ എന്‍ട്രികളെ വിശകലനം ചെയ്തത് മനീഷ് നാരായണന്‍, കൃഷ്ണേന്ദു കലേഷ് ,മഹേഷ് രവി,മരിയ റോസ് എന്നിവര്‍ നേതൃത്വംകൊടുത്ത പന്ത്രണ്ടംഗ ജൂറിയാണ്. ഓഡിയന്‍സ് പോളില്‍ ലഭിച്ച വോട്ടും ജൂറി നല്‍കുന്ന മാര്‍ക്കുമാണ് ഓരോ വിഭാഗത്തിലേയും അന്തിമഫലം നിര്‍ണയിച്ചത്.