ഗുഡ്‌ഗാവ്: പാമ്പിനെന്താണ് കോടതി മുറിയിൽ കാര്യമെന്ന് ചോദിച്ചേക്കാം. നീതി തേടി വന്നതാകാമെന്ന് രസികൻ ഉത്തരവും നൽകാം. എന്തായാലും ഇന്ത്യൻ ജുഡീഷ്യറിയെ അൽപ്പസമയത്തേക്കാണെങ്കിലും വിറപ്പിച്ച് നിർത്തിയിരിക്കുകയാണ് ഒരു വില്ലൻ പാമ്പ്.

ഗുഡ്ഗാവിലെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ കോടതി മുറിയിലേക്കാണ് വിരുതൻ ഇഴഞ്ഞെത്തിയത്. രണ്ടര അടിയിൽ കൂടുതൽ നീളമുള്ള വെള്ളിക്കെട്ടൻ പാമ്പാണ് കോടതി മുറിക്കകത്ത് കയറിയത്. ഓഫീസിന് പിന്നിലെ കാട് പിടിച്ച ഭാഗത്ത് നിന്ന് മുറിക്കകത്തേക്ക് ഇഴഞ്ഞെത്തിയതാകാം പാമ്പ് എന്നാണ് സംശയം.

മജിസ്ട്രേറ്റ് ഭരത് ഭൂഷൺ ഗോഗിയ കോടതിമുറിയിൽ ഇരിക്കുന്ന സമയത്താണ് പാമ്പ് മുറിക്കകത്തേക്ക് കയറിയത്. പാമ്പിനെ കണ്ട് കോടതിമുറിയിൽ ജീവനക്കാരും മറ്റുള്ളവരും ബഹളം വച്ചു. ഇതിനിടെ പാമ്പ് ഇഴഞ്ഞ് മജിസ്ട്രേറ്റിന്റെ മേശയ്ക്കടിയിലേക്ക് എത്തുകയും ചെയ്തു.

ജീവനക്കാർ ഇടപെട്ട് മജിസ്ട്രേറ്റിനെ പുറത്തിറക്കി. പിന്നീട് വനം വകുപ്പ് അധികൃതരെ സഹായത്തിന് വിളിച്ചെങ്കിലും ഇവരെത്താൻ അര മണിക്കൂറിലേറെ സമയമെടുത്തു. പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കോടതി വീണ്ടും ചേർന്നത്. വിഷമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് പിന്നീട് വനം വകുപ്പ് അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ