ബോളിവുഡ് സംവിധായികയും നിർമ്മാതാവുമായ ഏക്ത കപൂറിന്റെ പുതിയ വെബ് സീരീസാണ് ഹോം ആന്റ് ഏക്ത. സെലിബ്രിറ്റികളുടെ വീട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് വെബ് സീരീസ്. മുൻ ടിവി താരവും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് പുതിയ എപ്പിസോഡിന്റെ ഭാഗമായത്.

35 വർഷങ്ങൾക്കുശേഷം ഡൽഹിയിലെ ഗുരുഗ്രാമിൽ താൻ ജനിച്ചു വളർന്ന വീട്ടിലേക്ക് സ്മൃതി എത്തുകയും പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വെബ് സീരീസിലൂടെ. ഇതിന്റെ വീഡിയോ ഏക്ത കപൂർ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

”നാലു ചുമരുകൾ കൊണ്ട് മാത്രം പണിതതല്ല വീട്, സ്നേഹവും കുടുംബവുമാണ് അതിനെ ഒരു വീടാക്കുന്നത്. തന്റെ ജന്മ ഗൃഹത്തിലേക്കുളള സ്മൃതി ഇറാനിയുടെ വികാരഭരിതമായ യാത്ര” എന്നു പറഞ്ഞാണ് ഏക്ത വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ‘വീട്’ എന്ന് ഒറ്റവാക്ക് എഴുതിയാണ് സ്മൃതി വീഡിയോ ഷെയർ ചെയ്തത്.

ഗുരുഗ്രാമിൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്മെന്റിൽ സ്മൃതി എത്തുന്നതും തന്റെ ബാല്യകാല സുഹൃത്തുക്കളെയും അവരുടെ കുടുംബത്തെയും സന്ദർശിക്കുന്നതാണ് വീഡിയോയിലുളളത്. ഗംഭീര വരവേൽപ് നൽകിയാണ് സ്മൃതിയെ അവിടെയുളളവർ സ്വീകരിച്ചത്.

ഒരിക്കൽ താൻ ഓടിക്കളിച്ചിരുന്ന വീട് ഇപ്പോൾ ഒരു കടയായി മാറിയെന്ന് അറിഞ്ഞപ്പോൾ സ്മൃതിക്ക് കരയാതിരിക്കാനായില്ല. സ്മൃതി ഇറാനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ബാല്യകാല സുഹൃത്ത് സ്മൃതിയെ ആശ്വസിപ്പിച്ചു. ചെറുപ്പത്തിൽ താൻ സഞ്ചരിച്ച വഴികളിലൂടെ തന്റെ ആത്മമിത്രത്തെയും കൂട്ടി സ്മൃതി ഇറാനി റിക്ഷയിൽ യാത്ര ചെയ്ത് ഓർമകൾ ഓർത്തെടുത്തു. അതിനുശേഷം ആത്മമിത്രത്തിന്റെ കുടുംബത്തിനൊപ്പം നിമിഷങ്ങൾ പങ്കിടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ