26 വർഷം മുൻപാണ് അഭിനേത്രി സിൽക്ക് സ്മിത വിട പറഞ്ഞത്. മരിച്ച് രണ്ടര പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും അവരെക്കുറിച്ചുള്ള ഓർമകൾ ഇന്നും സജീവമായി നിൽക്കുന്നു. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളും പുറത്തിറങ്ങി.
സിൽക്ക് സ്മിതയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ള ദൃശ്യമാണ്. ഇന്നത്തെപ്പോലെ സാങ്കേതികവിദ്യകൾ അത്ര സജീവമായിരുന്ന കാലമായിരുന്നില്ല തൊണ്ണൂറുകൾ എന്നതിനാൽ തന്നെ സിനിമിക്കു പുറത്തുള്ള സിൽക്ക് സ്മിതയുടെ വീഡിയോകൾ അപൂർവമാണ്.
ദുബായിലെ ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ളതാണ് ഇപ്പോൾ വൈറലാവുന്ന വീഡിയോ. മലേഷ്യ വാസുദേവനൊപ്പം സുരാംഗനി എന്ന പാട്ട് പാടുന്ന സിൽക്ക് സ്മിതയെ ഈ വീഡിയോയിൽ കാണാം.
ഇത് ആദ്യമായാണ് സിൽക്ക് സ്മിത പാടുന്നത് ഈ ലോകം കേൾക്കാൻ പോകുന്നതെന്ന് വീഡിയോയിൽ സ്റ്റേജ് ഷോയുടെ അവതാരകൻ പറയുന്നുണ്ട്. അതിന് മറുപടിയായി ആദ്യമായാണ് താൻ സ്റ്റേജിൽ പാടുന്നതെന്ന് സിൽക്ക് സ്മിത പറയുന്നതും വീഡിയോയിൽ കാണാം.
80 കളിലും 90കളിലും മലയാളം അടക്കം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന അഭിനേത്രിയാൺണ് സിൽക് സ്മിത 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.