ജമ്മു കശ്‌മീരിലെ പല്‍വാമ ജില്ലയില്‍, നോമ്പെടുക്കുന്ന മുസ്‌ലിം ജനതയെ പുലര്‍ച്ചെ സെഹ്‌രിക്കായി വിളിച്ചുണര്‍ത്തുന്ന സിഖുകാരന്റെ വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. നോമ്പുകാലത്ത് സുബഹി നമസ്‌കാരത്തിനു മുന്നെ വിശ്വാസികളെ വിളിച്ചുണര്‍ത്തുന്ന കര്‍മമാണ് ഇദ്ദേഹം ചെണ്ടകൊട്ടി ചെയ്യുന്നത്. 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് തരംഗമാകുന്നത്.
‘അള്ളാ റസൂല്‍ ദേ പ്യാരോ ജന്നത് ദേ തലാബ്ഗരോ, ഉഢോ റോസാ രഖോ (അള്ളാഹുവിന്റെ പ്രിയപ്പെട്ടവരെ, അദ്ദേഹത്തിന്റെ സന്ദേശവാഹകരെ, സ്വര്‍ഗം തേടുന്നവരേ, ഉണരൂ, നോമ്പ് ആരംഭിക്കൂ)’ എന്നാണ് ചെണ്ടകൊണ്ടിക്കൊണ്ട് ഇദ്ദേഹം പറയുന്നത്.
പലപ്പോഴും രാവിലെ ഉണരാതെ ആളുകള്‍ക്ക് പുലര്‍ച്ചെ കഴിക്കേണ്ട ഭക്ഷണം മുടങ്ങുന്ന അവസ്ഥ വരാറുണ്ട്. അതിനാല്‍, രാത്രി അത്താഴത്തിനു ശേഷം കിടന്നുറങ്ങുന്നവരെ, പുലര്‍ച്ചെ നോമ്പു തുടങ്ങുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും നമസ്‌കാരത്തിനുമായി വിളിച്ചുണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. വീടുകളില്‍ വെളിച്ചം തെളിയുംവരെ ഇവര്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കുന്നവരെ സെഹര്‍ഖ്വാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന ആചാരമാണിത്. മുമ്പ് കേരളത്തില്‍ മലബാര്‍ മേഖലയിലും ഈ രീതി നിലനിന്നിരുന്നു. പ്രത്യേകിച്ച് യാതൊരു പ്രതിഫലവും തേടാതെ, പുണ്യം ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇവരിത് ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്.