കണ്ണൂർ: നഗരത്തിന്റെ മുഖമുദ്രയായ ഹോം ഗാർഡ് മാധവേട്ടൻ വീണ്ടും റോഡിലിറങ്ങും. മാധവേട്ടനെ ആശ്വസിപ്പിക്കാൻ നാട്ടുകാരും സാമൂഹ്യമാധ്യമങ്ങളും കൈകോർത്തപ്പോൾ അതു മാധവേട്ടൻ എന്ന സിഗ്നൽമാന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയായിരുന്നു. ജില്ലയിലെ പൊലീസിന്റെ ഉന്നതവിഭാഗം സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇതേത്തുടര്‍ന്നാണ് എസ്ഐ ജോലിയില്‍ തിരിച്ചുവരണമെന്ന് മാധവേട്ടനോട് ആവശ്യപ്പെട്ടത്.

പൊരിവെയിലത്തും പേമാരിയിലും മടിയോ, അലംഭാവമോ കൂടാതെ ഡ്യൂട്ടി കൃത്യമായി നിർവഹിക്കുന്ന മാധവേട്ടൻ പലപ്പോഴും വാർത്തയിൽ നിറഞ്ഞിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ളവർക്ക് പോലും അതുവഴി ഇദ്ദേഹത്തെ അറിയാം. മാധവേട്ടന്‍ പണി മതിയാക്കുന്നു എന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കണ്ണൂരുകാര്‍ കേട്ടത്. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ പരസ്യമായി അപമാനിച്ചതാണു മാധവേട്ടനെ വേദനിപ്പിച്ചത്. കാറിലുണ്ടായിരുന്നവര്‍ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് മാധവേട്ടനെ വേദനിപ്പിച്ചത്. പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. അതില്‍ പിന്നെ മാധവേട്ടനെ അവിടെ ഡ്യൂട്ടിക്കും ഇട്ടിരുന്നില്ല.

മാധവേട്ടനെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയർന്നത്. ‘#മാധവേട്ടനോടൊപ്പം’ എന്ന ഹാഷ് ടാഗും വൈറലായി മാറിയിരുന്നു. ജോലി എന്നതിനേക്കാള്‍ ഉപരി ഒരു സേവനം എന്ന രീതിയിലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനെ കണ്ടിരുന്നത്. ഒരു മിനിറ്റു പോലും വിശ്രമമില്ലാതെ, പൊരിവെയിലത്തും മഴയത്തും തലങ്ങും വിലങ്ങും നടന്നു വാഹനങ്ങള്‍ നിയന്ത്രിക്കാനും കടത്തിവിടാനും മാധവന്‍ കാണിക്കുന്ന ആത്മാര്‍ഥത പ്രശസ്തമാണ്.

എട്ടു വര്‍ഷം മുന്‍പാണ് മാധവേട്ടൻ ഹോം ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂര്‍ നഗരത്തിന്റെ പ്രധാന ജംങ്ഷനുകളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. പ്രധാനമായും മാധവനെ മേലെ ചൊവ്വയിലാണ് നിയോഗിക്കാറ്. മികവുറ്റ പ്രവർത്തനത്തിന് അംഗീകാരമെന്ന നിലയിൽ ഇതിനിടയ്ക്ക് നാല്പതിലേറെ പുരസ്‌കാരങ്ങൾ മാധവേട്ടനെ തേടിയെത്തിയിരുന്നു. സൈനിക സേവനത്തിനു ശേഷമാണ് തളിപ്പറമ്പ് മുയ്യം സ്വദേശിയായ മാധവൻ ഹോംഗാർഡായി നഗരത്തിലെത്തുന്നത്. റിട്ട. ഓണററി ക്യാപ്റ്റനായ ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ട ഡ്യൂട്ടിയിലുടനീളം കാണാമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ