ഭുവനേശ്വര്‍: തന്റെ ഗാനങ്ങളിലൂടേയും സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളിലൂടേയും നിരവധി തവണ വിവാദം സൃഷ്‌ടിച്ച ഗായികയാണ് സോന മൊഹാപത്ര. പുതിയ വിവാദത്തിനാണ് ഗായിക വീണ്ടും തിരിയിട്ടിരിക്കുന്നത്. ഗായികയുടെ 2017ലെ ഒരു സ്റ്റേജ് പ്രകടനത്തിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തതോടെയാണ് വിവാദത്തിന് തുടക്കമായത്. സോഷ്യൽ മീഡിയയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം തെരുവുകളിലേക്കും വ്യാപിച്ചു.

പരമ്പരാഗതമായ ഒഡിയ ഭജനയായ ‘ആഹെ നിലാ ശൈല’ തെറ്റായി വ്യാഖ്യാനം ചെയ്‌ത് പാടിയെന്നാണ് ഗായികയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. 17-ാം നൂറ്റാണ്ടിലെ സന്ന്യാസിവര്യന്‍ ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകളാണ് മൊഹാപത്ര തെറ്റായി ഉച്‌ഛരിച്ചതെന്നാണ് ആരോപണം. ഗാനത്തിന്റെ ആത്മാവിനെ കശാപ്പ് ചെയ്യുകയായിരുന്നു ഗായികയെന്ന് വിമര്‍ശനം ഉയര്‍ന്നു.

മൊഹാപത്രയ്ക്കെതിരെ സോഷ്യൽ മീഡിയയില്‍ വ്യാപകമായ രീതിയിലാണ് ആക്രമണം നടന്നത്. എന്നാല്‍ ഇതില്‍ പ്രകോപിതയായ ഗായിക രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. അധികം വിമര്‍ശിച്ചാല്‍ പൂര്‍ണ്ണ നഗ്നയായിട്ടായിരിക്കും പ്രതികരിക്കുകയെന്ന് ഗായിക ട്വീറ്റ് ചെയ്‌തു. ‘വിദ്യാഭ്യാസമില്ലാത്തവനൊക്കെ മിണ്ടാതിരുന്നോണം. വിവരം കെട്ടവര്‍ എന്റെ ടൈംലൈനില്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുളള ചെരുപ്പ് ധരിച്ച് പൂര്‍ണ്ണ നഗ്നയായിട്ട് ഞാന്‍ പ്രകടനം നടത്തും’, സോന പറഞ്ഞു.

ഗായികയ്ക്കെതിരെ പൂരിയില്‍ വലതുപക്ഷ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കുകയും കോലം കത്തിക്കുകയും ചെയ്‌തു. വിവാദം പിന്നാലെ രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്‌തു. പ്രസംഗത്തില്‍ ഒഡിയ സംസാരിക്കാനാവാത്ത ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. ആരും എന്തു കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ പട്നായിക് ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ