ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ വർധിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി കൊടുത്തിരിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും വിമർശനങ്ങളുണ്ട്. വിമർശനങ്ങൾക്കൊപ്പം നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
സർക്കാരിനെതിരെ വിമർശനം ഉയരുന്നതോടൊപ്പം ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒരു പഴയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്.
“അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വർധിച്ചു,” എന്നാണ് വീട്ടിലെ അടുക്കളയിൽ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയിൽ ശോഭാ സുരേന്ദ്രൻ പറയുന്നത്.
കേന്ദ്രസർക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമർശിക്കാനും സോഷ്യൽ മീഡിയ ഇപ്പോൾ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്.
Read More: അവാർഡ് വാർത്ത വായിച്ചു തീർത്തശേഷം ചിരിയടക്കാൻ പാടുപെടുന്ന അവതാരകയെ വീഡിയോയിൽ കാണാം
ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പെെസയാണ് ഇന്നു മുതൽ വില. പുതിയ നിരക്ക് നിലവിൽ വന്നതായി എണ്ണ കമ്പനികൾ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. സബ്സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു.
എല്ലാ മാസവും ഒന്നാം തിയതിയാണ് സിലിണ്ടർ വില വർധിപ്പിക്കുന്നത്. എന്നാൽ, ഫെബ്രുവരി മാസത്തിൽ വില വർധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധനവ് തൽക്കാലത്തേക്ക് മാറ്റിവച്ചതെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധന നീട്ടിവയ്ക്കാൻ കാരണമെന്ന് വാർത്തകളുണ്ടായിരുന്നു. ഇന്നലെയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആം ആദ്മി 62 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തി. ബിജെപി വെറും എട്ട് സീറ്റിൽ ഒതുങ്ങി.