Latest News

പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണെന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നു; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെതിരെ ശോഭ സുരേന്ദ്രൻ

ശരാശരി മധ്യവർഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണെന്ന് ശോഭ സുരേന്ദ്രൻ

ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ മികച്ച പ്രേക്ഷക പ്രശംസയുമായി മുന്നേറുന്ന ജിയോ ബേബി ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്‌ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണെന്നും ശോഭ സുരേന്ദ്രൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. സിനിമയിലെ ചില രംഗങ്ങളെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ കുറിപ്പ്.

ശോഭ സുരേന്ദ്രന്റെ കുറിപ്പ്, പൂർണരൂപം

ഭാരത സംസ്‌കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും ഉൾക്കൊള്ളൽ മനോഭാവവുമാണ്. നമ്മുടെ നാട്ടിൽ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ, അവരിൽനിന്ന് ഉൾക്കൊള്ളേണ്ടത് നാം ഉൾക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.

പക്ഷേ നിർഭാഗ്യവശാൽ, പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്‌ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടർ മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടർ തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകൾ’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?

ശരാശരി മധ്യവർഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്‌. അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങൾക്ക് പുരോഗമനം കണ്ടെത്താൻ കഴിയൂ. ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല.

Read Also: തല്ലില്ല, കള്ളുകുടിയില്ല, പരസ്ത്രീബന്ധമില്ല… പിന്നെന്താ പ്രശ്നം?

അതേസമയം, നിമിഷ സജയൻ, സുരാജ് വെഞ്ഞാറാമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഓൺലെെൻ ഓൺലെെൻ പ്ലാറ്റ്‌ഫോമായ നീസ്ട്രീമിൽ പ്രദർശനം തുടരുകയാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Shobha surendran against the great indian kitchen film

Next Story
‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ വിക്കറ്റിനു പിന്നിൽ വെറുതെ നിൽക്കാൻ പറ്റില്ല, പാട്ട് പാടി പന്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express