ടെലിവിഷനിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായി മാറിയ താരങ്ങളാണ് ജിസ്മ ജിജിയും വിമല്‍ കുമാറും. സൂര്യ മ്യൂസിക്കില്‍ അവതരാകരായി എത്തിയാണ് ഇരുവരും സുപരിചിതരാകുന്നത്. പിന്നീട് സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയ ഇവര്‍ വ്യത്യസ്തമായ വീഡിയോകളിലൂടെ പ്രേക്ഷക പ്രീതി നേടി.
ജിസ്മയും വിമലും തങ്ങളുടെ ചാനലിലൂടെ ഒരു വെബ് സീരീസ് പുറത്തുവിട്ടിരുന്നു. ‘ആദ്യം ജോലി പിന്നെ കല്ല്യാണം’ എന്നു പേരിട്ടിരിക്കുന്ന സീരീസിന്റെ അവസാനത്തെ എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിൽ അതിഥിതാരമായി എത്തുകയാണ് സിനിമാ നടൻ ഷൈൻ ടോം ചാക്കോ. ക്ലൈമാക്സിൽ ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകർ പറയുന്നത്. ആന്റണി എന്ന കഥാപാത്രമായാണ് ഷൈൻ സീരീസിലെത്തിയത്.
രേവതിയുടെയും സതീശന്റെയും പ്രണയവും അവരുടെ ഗ്രാമവുമൊക്കെയാണ് സീരീസിന്റെ പ്രമേയം. നാലു എപ്പിസോഡുകളുളള സീരീസ് യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. സീരീസിലെ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.