മമ്മൂട്ടി- അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വം വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന ചിത്രം 50 കോടി കളക്ഷൻ മറികടന്നെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്രകഥാപാത്രമായ മമ്മൂട്ടിയുടെ മൈക്കിളപ്പനൊപ്പം തന്നെ ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഏറെ കയ്യടി നേടുന്നുണ്ട്.
തിയേറ്ററിൽ പൊട്ടിച്ചിരിയുണർത്തിയ ഷൈൻ ടോം ചാക്കോയുടെ ഒരു ഡാൻസ് രംഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ‘രതിപുഷ്പം’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ നായകന് ഡാൻസ് സ്റ്റെപ്പ് പറഞ്ഞുകൊടുക്കുന്ന നിർമാതാവായാണ് ഷൈൻ തിളങ്ങിയത്. മുഹമ്മദ് റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഈ ഗാനരംഗത്തിൽ തിളങ്ങിയത്. ഗാനരംഗത്തിലെ ഷൈനിന്റെ അംഗവിക്ഷേപങ്ങളും പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു.
ഷൈൻ തന്നെയാണ് ഭീഷ്മയ്ക്കായി ആ വൈറൽ സ്റ്റെപ്പ് സംഭാവന നൽകിയിരിക്കുന്നത്. സൗബിനും താനുമൊക്കെ തമാശയ്ക്കായി പലപ്പോഴും കാണിക്കാറുള്ള ആക്ഷൻ ആണതെന്നാണ് ഷൈൻ പറയുന്നത്. ഒരിക്കൽ ഷൈനിന്റെ ആ സ്റ്റൈപ്പ് അമൽ നീരദ് കാണാനിടയായി, അങ്ങനെയാണ് ഭീഷ്മപർവ്വത്തിൽ ഉൾപ്പെടുത്തുന്നതെന്നും ഷൈൻ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ഉണ്ണി മേനോൻ പാടിയ ഗാനം 80കളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒന്നായിരുന്നു. സിനിമ ഇറങ്ങിയപ്പോൾ മുതൽ ഈ ഗാനത്തെ കുറിച്ച് ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ‘രതിപുഷ്പം ഒരു ഗേ ഓറിയന്റഡോ’ എന്ന രീതിയിലും സിനിമാഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.