2018 ജൂലൈ 29 നാണ് ഷായന്‍ ഇറ്റാലിയ എന്ന സംഗീതജ്ഞന്‍ താന്‍ പിയാനോയില്‍ വായിച്ച ‘ജന ഗണ മന’യുടെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. എട്ടു ദിവസം പിന്നിടുമ്പോള്‍ ആ വീഡിയോ കണ്ടത് 41,839,928 പേരാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ദേശീയ ഗാന വീഡിയോ എന്ന ഖ്യാതിയുമായി അത് മുന്നേറുമ്പോള്‍ ഷായന്‍ ഓര്‍ക്കുന്നത് തന്റെ അമ്മയെയാണ്. കാന്‍സര്‍ രോഗത്തിന് കീഴടങ്ങി കുട്ടിക്കാലത്ത് തന്നെ വിട്ടു പോയ തന്റെ അമ്മയ്ക്ക്, പിന്നെ തന്റെ മാതൃരാജ്യത്തിനുമാണ് ഷായന്‍ #IWouldStandForThis എന്ന ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്.
1998ല്‍ ഷായന്റെ അമ്മ മകന് ‘ഗുഡ്ബൈ’ സമ്മാനമായി ഒരു പിയാനോ വാങ്ങി നല്‍കി. എന്നാല്‍ കാന്‍സര്‍ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന ആ അമ്മയ്ക്ക് മകന്‍ ആ പിയാനോ വായിച്ചു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2018ല്‍ ഷായന്‍ ‘വേള്‍ഡ്സ് ഗ്രാന്‍ഡസ്റ്റ് പിയാനോ’ എന്നറിയപ്പെടുന്ന ‘സ്റ്റൈന്‍വേ ആന്‍ഡ് സണ്‍സ് കോണ്‍സേര്‍ട്ട് പിയാനോ’യില്‍ ഇന്ത്യയുടെ ദേശീയ ഗാനം റെക്കോര്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു ആന്റണി ഗോമസ് എന്നയാളെ സമീപിച്ചു. അപ്പോള്‍ ഷായന് അറിയില്ലായിരുന്നു, ‘സ്റ്റൈന്‍വേ ആന്‍ഡ് സണ്‍സ്’ പിയാനോ ഇരുപതു വര്‍ഷം മുന്‍പ് തന്റെ അമ്മയ്ക്ക് വിറ്റത് ഇതേ ആന്റണി ഗോമസ് തന്നെയായിരുന്നു എന്ന് .
എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈനിലൂടെ കാണപ്പെട്ട വീഡിയോയായി മാറുകയും അതി ഗംഭീരമായ പ്രതികരണങ്ങള്‍ നേടുകയും ചെയ്ത #IWouldStandForThis വീഡിയോയ്ക്കുള്ള കമന്റുകള്‍ ഡിസേബിള്‍ ചെയ്യപ്പെട്ടു.
“നിങ്ങളുടെ കമന്റുകള്‍ക്ക് നന്ദി, പക്ഷേ അത് ഞങ്ങള്‍ ഡിസേബിള്‍ ചെയ്യുകയാണ്. ഇത് ചെറുപ്പകാലത്ത് തന്നെ എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ അമ്മയ്ക്കും പിന്നെ എന്റെ മാതൃരാജ്യത്തിനുമുള്ള ഹൃദയംഗമമായ സമര്‍പ്പണമാണ്. ഈ സ്ഥലം തര്‍ക്കരഹിതവും പാവനവുമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നല്‍കിയ ബഹുമാനത്തിന് നന്ദി” എന്നാണ് അതിന് വിശദീകരണം നല്‍കി കൊണ്ട് ഷായന്‍ കുറിച്ചത്.

8K Ultra HDലാണ് ഇത് ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലില്ലാത്ത ഈ സാങ്കേതിക വിദ്യ ലോകത്തെമ്പാടുമുള്ള മികച്ച സ്റ്റുഡിയോകളുടെ ഒത്തുചേരല്‍ മൂലമാണ് നടത്തിയെടുത്തത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഡോ. ഫര്‍ഹാദ് വിജയ് അറോറ, നിര്‍മ്മാതാക്കള്‍ ഫര്‍ഹാദ് വിജയ് അറോറ, ഷായന്‍ ഇറ്റാലിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
36 മില്യന്‍ ആളുകള്‍ കണ്ട ഫ്രഞ്ച് ദേശീയ ഗാനത്തെ പിന്തള്ളിയാണ് ഷായന്‍ ഇറ്റാലിയ എന്ന യുവ സംഗീതജ്ഞന്‍ പിയാനോയില്‍ വായിച്ച ‘ജന ഗണ മന’ ഒന്നാം സ്ഥാനത്തെത്തുന്നത്. സെക്കന്‍ദറാബാദ് സ്വദേശിയായ ഷായന്‍ ഇറ്റാലിയ ഇപ്പോള്‍ ലണ്ടനിലാണ് താമസം.