വേറാരെങ്കിലുമാണെങ്കിൽ പോട്ടെന്ന് വയ്ക്കാം. പക്ഷെ ട്വിറ്ററിൽ ശശി തരൂർ വാ തുറന്നാൽ അത് വൈറലാവും. പുതിയ പുതിയ ഇംഗ്ലീഷ് പദ പ്രയോഗങ്ങൾ ആണ് ഇതുവരെ വൈറലായത്. വിജ്ഞാനകോശമെന്നും ഓക്സ്ഫോർഡ് ഭാഷാ നിഘണ്ടുവെന്നും പ്രമുഖ പാർലമെന്റേറിയനെ കളിയായി പ്രശംസിക്കുന്നവരാണ് ഏറെ. പക്ഷെ തരൂരിന് പിഴച്ചാലെന്താവും സ്ഥിതിയെന്ന് ഓർത്തുനോക്കിയിട്ടുണ്ടോ?

അതിന് തരൂരിന് ഇതുവരെ പിഴച്ചില്ലെന്ന് പറയാൻ വരട്ടെ, പിഴച്ചിരിക്കുന്നു. വാക്കിലൊരു അക്ഷരം തെറ്റി. എന്നാൽ ട്വീറ്റ് കണ്ടവർ കണ്ടവർ അമ്പരന്നു. ഇത് തരൂരിന് തെറ്റിയതാണോ, അല്ല പുതിയ വല്ല വാക്കുമാണോയെന്ന് ഓരോരുത്തരും തമ്മിൽ തമ്മിൽ ചോദിക്കാൻ തുടങ്ങി. അതോടെ ഞായറാഴ്ച ട്വിറ്ററിലെ പ്രധാന ചർച്ചയായി തരൂരിന്റെ വാക്ക് മാറി.

യുഎഇയിൽ എംഇഎസ് എൻജിനീയറിങ് കോളേജ് അലുമ്നി അസോസിയേഷന്റെ യോഗത്തിൽ പ്രസംഗിച്ചതിനെ കുറിച്ചാണ് തരൂർ ട്വീറ്റ് ചെയ്തത്.

ഇന്നൊവേഷൻ (Innovation) എന്ന ഇംഗ്ലീഷ് വാക്കാണ് തെറ്റായി കുറിച്ചത്. Innivation എന്നായിരുന്നു തരൂരിന്റെ പ്രയോഗം. ട്വീറ്റ് സെക്കന്റുകൾക്കകമാണ് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചത്. രാജ്യമാകെയുളള തരൂരിനെ ഫോളോ ചെയ്യുന്ന ആരാധകർ ഒന്നടങ്കം ഇതിന് പുറകെ കൂടി.

“ഇന്നിവേഷൻ…? ഞാൻ ഗൂഗിൾ ചെയ്ത് നോക്കി” എന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ചത്. രസകരമായി മുന്നേറിയ ഈ പ്രതികരണങ്ങളിൽ ചിലത് ഇവയാണ്…

എന്നാൽ നാക്ക് പിഴച്ചതിൽ നിന്ന് ഉടൻ രക്ഷപ്പെടാൻ തരൂർ ശ്രമിച്ചില്ല. അത് തന്റെ അബദ്ധം തന്നെയാണെന്ന് വ്യക്തമാക്കി അദ്ദേഹം ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തു. ഇന്നൊവേഷൻ എന്നായിരുന്നു അതാകേണ്ടിയിരുന്നത്, ഇൻഡൊവേഷൻ എന്നായാലും കുഴപ്പമില്ലായിരുന്നു എന്ന് തരൂർ ട്വീറ്റിലെഴുതി. ഈ ഇൻഡൊവേഷൻ എന്തെന്നായി പിന്നീട് ട്വിറ്റർ ലോകത്തിന്റെ ഗവേഷണ വിഷയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ