ട്രോളുകള്‍ക്കും റിയാക്ഷനുകള്‍ക്കും മീമുകള്‍ക്കും ഒക്കെ ഇടയില്‍ സാമൂഹ്യ മാധ്യമത്തെ വിദ്യാഭ്യാസ യജ്ഞം നടത്തുന്ന ആരെങ്കിലുമുണ്ടോ ? ഉണ്ടെന്നാണ് 2017 പഠിപ്പിച്ചത്. മറ്റാരുമല്ല, തിരുവനന്തപുരത്ത് നിന്നുമുള്ള എംപി ശശി തരൂര്‍ ആണ് ആ ഇംഗ്ലീഷ് അദ്ധ്യാപകന്‍. ഓരോ തവണയും ശശി തരൂര്‍ ട്വീറ്റ് ചെയ്യുമ്പോള്‍ നിഘണ്ടു നോക്കുന്നവരും ഇംഗ്ലീഷ് ക്ലാസില്‍ ഉഴപ്പിയതിന് പാശ്ചാത്തപിക്കുന്നവരുമാണ് മിക്കവരും. ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും ഹിറ്റായ പോസ്റ്റുകള്‍ എടുത്ത് ശശി തരൂരിന്‍റെ ഇംഗ്ലീഷ് മാത്രം ക്രോഡീകരിച്ചാല്‍ ഒരു ‘തരൂരിയന്‍ നിഘണ്ടു’ പുറത്തിറക്കാം. ‘farrago’, ‘rodomontade’, ‘webaqoof’ തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ മുതല്‍ ശശി തരൂര്‍ തന്നെ സ്വന്തമായി കണ്ടുപിടിച്ച ‘ Thang hoong’ പോലെ അതില്‍ ചേര്‍ക്കാവുന്ന അനേകം വാക്കുകളാണ് ശശി തരൂര്‍ എം പി നമുക്ക് പഠിപ്പിച്ചു തന്നത്.

കുറിക്കു കൊള്ളുന്ന നര്‍മത്തോടെയും കൃത്യമായ ഇടപെടലുകളിലൂടെയും സാമൂഹ്യ മാധ്യമത്തിലെ സ്റ്റാറായി മാറിയ ശശി തരൂരിന്‍റെ ഇംഗ്ലീഷ് പ്രാവീണ്യം വിളിച്ചോതുന്ന ചില ട്വീറ്റുകള്‍ പരിശോധിക്കാം.

സുനന്ദ പുഷ്‌കറിന്‍റെ കൊലപാതകം ‘വെളിപ്പെടുത്തിക്കൊണ്ട്’ റിപബ്ലിക് ടിവി ചെയ്ത സ്റ്റോറികള്‍ക്കും ചര്‍ച്ചകള്‍ക്കും മറുപടി നല്‍കുന്ന ട്വീറ്റ് ആണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മീമുകള്‍ക്ക് ജന്മം നല്‍കിയത്. ആ ട്വീറ്റും പിന്നാലെ വന്ന ചില മീമുകളും

‘webaqoof’ ആണ് അടുത്ത വാക്ക്. “ഇന്റര്‍നെറ്റിലെ ആരോപണങ്ങളും അവകാശവാദങ്ങളും അതുപോലെ വിശ്വസിക്കുന്ന ആള്‍” എന്നാണ് അര്‍ബന്‍ ഡിക്ഷണറി അതിന് നല്‍കിയ വിശദീകരണം.

ബിജെപിക്കെതിരെ മത്സരിച്ച് വിജയിച്ച ശേഷം ബിജെപിയുടെ സഖ്യമായ എന്‍ഡിഎയിലേക്ക് കൂറുമാറിയ നിതീഷ് കുമാറിനെ വിശേഷിപ്പിക്കാന്‍ ശശി തരൂര്‍ ഉപയോഗിച്ച വാക്കാണ്‌ അടുത്തത്. ഇന്നത്തെ പദം എന്ന പേരില്‍ ശശി തരൂര്‍ അവതരിപ്പിച്ച വാക്കാണ്‌ ‘snollygoster”.

സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന സിനിമയുമായി ചുറ്റിപറ്റി ഉണ്ടായ വിവാദങ്ങളാണ് അടുത്ത തരൂരിയന്‍ വാക്കിന് ജന്മം നല്‍കിയത്. ആറാം നൂറ്റാണ്ടിലെ സ്ത്രീയെ മുന്‍നിര്‍ത്തി വിവാദമാക്കുന്നതിന് പകരം ഇന്നത്തെ രാജസ്ഥാനി സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കൂ എന്ന്‍ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ‘Thang hoog hats‘ എന്ന വാക്കാണ്‌ തരൂര്‍ ഉപയോഗിച്ചത്. നിഘണ്ടു നോക്കേണ്ട, തരൂര്‍ തന്നെ കണ്ടുപിടിച്ച വാക്കാണിത്. രാജസ്ഥാനിലെ സ്ത്രീകള്‍ മുഖം മറയ്ക്കാനും മറ്റും ഉപയോഗിക്കുന്ന തുണിയ്ക്ക് പറയുന്ന ‘ഘൂന്‍ഘട്ട്’ എന്ന വാക്കുമായതിനുള്ള സാമ്യം ഒട്ടും യാദ്രിഛികമല്ല !

ലോകസുന്ദരി പട്ടം കിട്ടിയ മാനുഷി ചില്ലര്‍ ആണ് തരൂരിയന്‍ നിഘണ്ടുവില്‍ ഇടംനേടിയ മറ്റൊരാള്‍. മാനുഷി ചില്ലര്‍ കൈവരിച്ച ‘ചില്ലറയല്ലാത്ത’ നേട്ടത്തെ നോട്ടുനിരോധനവുമായി കൂട്ടിവായിച്ചുകൊണ്ടായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

തന്‍റെ ഇംഗ്ലീഷിനെ ചുറ്റിപറ്റി ഉയരുന്ന മീമുകളെക്കുറിച്ചും ശശി തരൂരിന് അഭിപ്രായമുണ്ട്. താനുദ്ദേശിക്കുന്ന വാക്കുകളെ അതെ അര്‍ത്ഥത്തിലും കൃത്യതയിലും സംവേദിക്കുന്ന വാക്കുകളാണ് താന്‍ ഉപയോഗിക്കുന്നത് എന്ന്‍ വിശദീകരിക്കാന്‍ തരൂര്‍ ഉപയോഗിച്ച വാക്കാണ്‌ “rodomontade”. എല്ലാം മനസ്സിലായല്ലോ ! തരൂരിയന്‍ നിഘണ്ടുവിലേക്കുള്ള ചേര്‍ക്കാവുന്ന വാക്കുകള്‍ക്കായി ഇനിയും കാത്തിരിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook