കൊച്ചി: സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ആംഗലേയ പദം കൂടി ചര്‍ച്ചയ്ക്കിട്ട് ശശി തരൂര്‍. ഇന്നലെ ഇട്ട വാക്ക് കണ്ട് അമ്പരന്നു പോയവരോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ശശി തരൂര്‍ അതിനേക്കാള്‍ വലിയ വാക്ക് പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. floccinaucinihilipilification എന്നായിരുന്നു ഇന്നലത്തെ വാക്ക്. ഇന്നത്തെ വാക്കിന് അതിനേക്കാളും നീളമുണ്ട്. ഈ വാക്ക് വായിച്ച് നാക്കുളുക്കിയില്ലെങ്കിലാണ് അത്ഭുതം.

‘ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ്. ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് അറിയിച്ച് കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹം ഈ വാക്കുപയോഗിച്ചത്. ഇതിന് പിന്നാലെ വാക്കും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി. അര്‍ത്ഥം തിരഞ്ഞിറങ്ങിയവരും ട്രോളന്മാരും ശശി തരൂരിന്റെ പിന്നാലെ കൂടി. ഇതോടെയാണ് ക്ഷമാപണവുമായി അദ്ദേഹം വീണ്ടുമെത്തിയത്.

എന്നാല്‍ ആ ക്ഷമാപണം അതിനേക്കാള്‍ വലിയ പണിയായി എന്ന് മാത്രം. ‘hippopotomonstrosesquipedaliophobia!’ എന്നതാണ് പുതിയ വാക്ക്. ഇതെന്താണ് സംഭവമെന്ന് ആലോചിക്കുന്നവര്‍ക്ക് വേണ്ടി വാക്കിന്റെ അര്‍ത്ഥവും അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ, കടുകട്ടിയുള്ള വാക്കുകളോടുള്ള പേടിയെന്നാണ് ഇതിന്റെ അര്‍ത്ഥം. അതേസമയം, പുസ്തകത്തില്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കാള്‍ വലിയ വാക്കില്ലെന്ന മുന്നറിയിപ്പും തരൂര്‍ നല്‍കുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന പരാജയത്തെ തുറന്നുകാട്ടുകയും, നയങ്ങള്‍ സര്‍ക്കാരിനെ തകര്‍ക്കുന്നത് എങ്ങിനെയെന്നും വിമര്‍ശിക്കുന്നതുമാണ് പുസ്തകം. എന്താണ് നരേന്ദ്ര മോദിയെന്ന് തുറന്നുകാട്ടുന്നതിനൊപ്പം എന്തുകൊണ്ട് അദ്ദേഹം വെറുക്കപ്പെടുന്നുവെന്ന് കൂടി ശശി തരൂര്‍ പറയുന്നു.

ഈ വര്‍ഷം ഇത് രണ്ടാമത്തെ പുസ്തകമാണ് ശശി തരൂര്‍ പുറത്തിറക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ്’വൈ അയാം എ ഹിന്ദു’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനോടകം ഈ പുസ്തകത്തിന്റെ രണ്ട് ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook