സമൂഹ മാധ്യമങ്ങളിലെ ശശി തരൂരിന്റെ കുറുപ്പുകളിലെ ചില വാക്കുകളുടെ അർത്ഥം അത്ര പെട്ടെന്നൊന്നും ആർക്കും പിടികിട്ടില്ല. ഡിക്ഷണറി കൈയ്യിൽ പിടിക്കാതെ ശശി തരൂരിന്റെ കുറിപ്പ് വായിക്കാനാവില്ലെന്ന് ചിലർ കളിയാക്കി പറയാറുമുണ്ട്. അവസാനമായി സമൂഹമാധ്യമത്തിലുള്ളവരുടെ തലപുകച്ച വാക്കായിരുന്നു ‘Rodomontade’. തന്റെ പ്രസംഗത്തെയും വാക്കുകളെയും കളിയാക്കുന്നവർക്കുളള മറുപടി ട്വീറ്റിലാണ് ശശി തരൂർ ‘rodomontade’ എന്ന വാക്ക് ഉപയോഗിച്ചത്.

പ്രസംഗത്തിലും എഴുത്തിലും ട്വീറ്റിലും മനഃപൂർവ്വമല്ല കട്ടുകട്ടി ഇംഗ്ലീഷ് പദങ്ങൾ വരുന്നത്. കൃത്യമായ ആശയവിനിമയത്തിനുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞവസാനിപ്പിച്ച ട്വീറ്റിന്റെ അവസാനമാണ് rodomontade ഉപയോഗിച്ചത്. ആത്മപ്രശംസ, സ്വയം പുകഴ്ത്തുക എന്നീ അർത്ഥങ്ങൾ വരുന്ന പദമാണ് rodomontade.

ശശി തരൂരിന്റെ ഈ വാക്കിനെ കളിയാക്കി പരസ്യം പുറത്തിറക്കിയിരിക്കുകയാണ് അമൂൽ. തരൂരിനു സമീപത്തായി അമൂൽ പെൺകുട്ടി ഡിക്ഷണറി നോക്കിയിരിക്കുകയാണ്. ഡിക്ഷണറിയിൽ പെൺകുട്ടി Tharooraurus എന്ന വാക്ക് തിരയുന്നതാണ് പരസ്യം. Rodomontade പോലുളള കടുകട്ടി വാക്കുകൾ ട്വീറ്റ് ചെയ്യുന്നതിനോട് എംപിക്ക് പ്രത്യേക സ്നേഹമുണ്ടെന്നായിരുന്നു അമുൽ പരസ്യത്തോടൊപ്പം ട്വീറ്റ് ചെയ്തത്.

ഇതിനു ട്വിറ്ററിലൂടെ ഉഗ്രൻ മറുപടിയാണ് ശശി തരൂർ നൽകിയത്. വംശനാശം സംഭവിച്ച ദിനോസർ ടൈറാനോസറൂസ് റെക്സിനോട് തന്നെ ഉപമിച്ചുകൊണ്ടായിരുന്നു ശശി തരൂർ ട്വീറ്റിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ