രാജ്യാന്തര കൊറിയര്‍ ഡെലിവറി കമ്പനിയായ ഫെഡ്എക്‌സ് കോർപ്പറേഷന്റെ സിഇഒയും പ്രസിഡന്റുമായി നിയമിതനായ മലയാളി രാജേഷ് സുബ്രഹ്മണ്യനെ അഭിനന്ദിച്ച് തിരുവനന്തപുരം എംപി ശശി തരൂർ. തിരുവനന്തപുരം സ്വദേശിയാണ് രാജേഷ്. അഭിനന്ദനമറിയിച്ച തരൂര്‍ രാജേഷിന് മുന്നില്‍ ഒരു അപേക്ഷയും മുന്നോട്ട് വയ്ക്കുന്നുണ്ട്.

തന്റെ ജന്മനാടായ തിരുവനന്തപുരത്ത് ഫെഡ്എക്‌സിന്റെ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യമാണ് തരൂര്‍ രാജേഷിന് മുന്നില്‍ വച്ചത്. മൂവ് ടു ട്രിവാന്‍ഡ്രം എന്ന ഹാഷ്‌ടാഗോടു കൂടിയാണ് തരൂരിന്റെ ട്വീറ്റ്. തിരുവനന്തപുരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി തരൂര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഈ ഹാഷ് ടാഗ്.

നിലവില്‍ ഫെഡ്എക്‌സിന്റെ ചീഫ് മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറും വൈസ് പ്രസിഡന്റുമാണ് രാജേഷ്. ജനുവരി ഒന്നുമുതലാകും ചുമതലയേല്‍ക്കുക. ഡേവിഡ് കണ്ണിങ്ഹാമിന്റെ പിന്‍ഗാമിയായാണ് രാജേഷ് സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.

രാജേഷിനോടുള്ള തരൂരിന്റെ ഈ അപേക്ഷ വെറും വാക്കല്ലെന്ന് അദ്ദേഹത്തിന്റെ സമീപ കാലത്തെ ഇടപെടലുകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ തങ്ങളുടെ ആഗോള ഡിജിറ്റല്‍ ഹബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആഗോള ഭീമന്മാരായ നിസാന്‍ കേരളത്തിലെത്തിയതിന് പിന്നിലും തരൂരിന്റെ ശ്രമങ്ങളുണ്ടായിരുന്നു.

നിസാന്റെ മനേജര്‍മാരിലൊരാളായ ടോണി തോമസുമായി ശശി തരൂര്‍ നടത്തിയ കൂടിക്കാഴ്ച തുടര്‍ന്നുണ്ടായ മുന്നേറ്റങ്ങളാണ് നിസാനെ കേരളത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം തോമസ് കേരളത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും നിസാനിനെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തെഴുതുകയായിരുന്നു. തുടർന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ തോമസുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി.

നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ഉദ്ഘാടന വേളയില്‍ നിന്നും

പിന്നീട് നിസാന്റെ അധികൃതരുമായി കേരളത്തിന്റെ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഇവിടെ തരൂരിന്റെ ഫ്രഞ്ച് ഭാഷാ മികവ് കേരളത്തിന് ഗുണപ്രദമായി മാറി. നിസാന്‍ ടീമിന്റെ തലവന്‍ ഫ്രാന്‍സുകാരനായിരുന്നു. അദ്ദേഹത്തിന് കേരളത്തിന്റെ സോഷ്യോ-എക്കണോമിക് ഘടകങ്ങളെ കുറിച്ച് വ്യക്തതവരുത്തി കൊടുക്കാന്‍ തരൂരിന് സാധിച്ചു. ഒരു മണിക്കൂറിലധികം തരൂര്‍ അദ്ദേഹവുമായി ഫ്രഞ്ചില്‍ സംസാരിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി നിസാന്റെ ജപ്പാന്‍ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതും വിരുന്നൊരുക്കുന്നതും. ഈ ഘട്ടത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹായവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 29 ന് നിസാന്‍ തങ്ങളുടെ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് തുടങ്ങാന്‍ തീരുമാനിച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പിടുന്നത്.

നിസാനെ തിരുവനന്തപുരത്ത് എത്തിക്കുന്നതില്‍ തരൂര്‍ വഹിച്ച നിര്‍ണ്ണായക പങ്ക് കണക്കിലെടുക്കുമ്പോള്‍ ഫെഡ്എക്‌സിന്റെ ഒരു കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന രാജേഷിനോടുള്ള അദ്ദേഹത്തിന്റെ അപേക്ഷ നല്‍കുന്നതും പുതു സൂചനകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook