ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് താരവും നിർമാതാവുമായ ശശി കപൂറിന് വ്യത്യസ്തമായ രീതിയിൽ ആദരാഞ്ജലികളർപ്പിച്ച് ശശി തരൂർ എം.പി. ശശി കപൂറിന്റെ വിയോഗ വാർത്ത കേട്ട പലരും അത് ശശി തരൂർ ആണെന്ന് തെറ്റിദ്ധരിച്ചതോടെയാണ് തരൂർ വിശദീകരണവുമായി കുറിപ്പിട്ടത്. കാഴ്ചയിലും പേരിലും ശശി കപൂറിനോടുള്ള സാമ്യമാണ് ശശി തരൂരിന് വിനയായത്.

എന്നിലെ ഒരു അംശം നഷ്ടപ്പെട്ടതായാണ് എനിക്ക് അനുഭവപ്പെടുന്നതെന്നാണ് ശശികപൂറിന്റെ വിയോഗത്തെ കുറിച്ച് ശശി തരൂർ കുറിക്കുന്നത്. മഹാനായ അഭിനേതാവ്, വിശ്വപൗരൻ, അസാധ്യമായ സൗന്ദര്യത്തിന്റെ ഉടമ, പല്പപോഴും എന്റെ പേരിനോട് ആശയക്കുഴപ്പമുണ്ടാകുന്ന നാമത്തിന് ഉടമ എന്നൊക്കെയാണ് ശശി തരൂർ ശശി കപൂറിനെ വിശേഷിപ്പിക്കുന്നത്. മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടന്നത് താനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ഫോൺ വിളികളാണ് തന്റെ ഓഫീസിൽ എത്തുന്നതെന്നും തരൂർ വ്യക്തമാക്കുന്നു. ശശി കപൂറിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിച്ചാണ് തരൂർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്ന് വൈകിട്ടാണ് ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ അന്തരിച്ചത്. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ മരണം.

ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും ഇന്ത്യൻ സിനിമയ്‌ക്ക് മികച്ച സംഭാവനകൾ നൽകി. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായിരുന്നു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook