‘ഷാരൂഖ് ഖാന് എന്റെ ജീവിതം തകര്‍ത്തു!’ ഈ തലക്കെട്ടിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. തന്റെ ജീവിതത്തില്‍ ഷാരൂഖ് ഖാന് സിനിമയിലെ നായകന്മാരെ പോലെ ഒരു യുവാവ് കടന്നു വരുമെന്നും തന്നെ പ്രെപ്പോസ് ചെയ്യുമെന്നും സ്വപ്നം കണ്ട യുവതിയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. കാത്തിരുന്ന് മടുത്ത് ഒടുവില്‍ കാമുകനെ അങ്ങോട്ട് സിനിമാ സ്റ്റൈലില്‍ പ്രൊപ്പോസ് ചെയ്ത ബംഗാളി യുവതിയുടേതാണ് പോസ്റ്റ്.
ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത ആ കുറിപ്പ്
”ഷാരൂഖ് ഖാന് എന്റെ ജീവിതം തകര്‍ത്തു!”
കുഞ്ഞ് കുട്ടിയായിരുന്ന കാലം തൊട്ട് ഒരു മിസ്റ്റര്‍ പെര്‍ഫെക്ടില്‍ നിന്നും അതിലും പെര്‍ഫെക്ടായൊരു പ്രൊപ്പോസല്‍ ലഭിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിരുന്നു. വയലിന് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, കാറ്റില്‍ എന്റെ മുടി പാറിപ്പറക്കവെ, അവന് എന്റെ അരികിലേക്ക് നടന്നു വന്ന്, എനിക്ക് മുന്നില്‍ മുട്ടു കുത്തി നിന്ന്, വില്‍ യു മാരി മീ എന്നു ചോദിച്ചു കൊണ്ട് വിവാഹമോതിരം നീട്ടുന്ന രംഗം എന്നും ഞാന്‍ സ്വപ്നം കണ്ടിരുന്നു.
പക്ഷെ അത് ഒരിക്കലും സംഭവിച്ചില്ല. പകരം ഒരു പഞ്ചാബി ബനിയയെ വിവാഹം കഴിക്കാന്‍ എന്റെ ബംഗാളി വീട്ടുകാരെ സമ്മതിപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയായിരുന്നു ഞാന്‍. മൂന്ന് വര്‍ഷം ഞങ്ങള്‍ ഡേറ്റ് ചെയ്തു. അതില്‍ ഏറിയ പങ്കും ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തിന് പിന്നാലെ പായുകയായിരുന്നു. ഒരുഘട്ടത്തില്‍ വിവാഹം നടക്കുമെന്ന് ഉറപ്പായതോടെ അവന് എന്നെ പ്രൊപ്പോസ് ചെയ്ത് സര്‍പ്രൈസ് തരുന്നതിനെ കുറിച്ച് ചിന്തിച്ചതു പോലുമില്ല.
ഇതിനിടെ, ഇന്ത്യന്‍ വെഡ്ഡിങ്ങിന്റെ വലിയ ആരാധികയായ ഞാന്‍ മനസിലാക്കി കാത്തിരിക്കുന്ന പോലൊരു ഫില്‍മി മൊമന്റ് എനിക്ക് ഉണ്ടാകില്ലെന്ന്. അതുകൊണ്ട് അവന്റെ പിറന്നാളിന്റെ അന്ന് സംഗതി സ്വയം ഏറ്റെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ആദ്യമായി ഡേറ്റിന് പോയ റസ്റ്ററന്റില്‍ അവന് ഞാനൊരു സര്‍പ്രൈസ് ഒരുക്കി. അവന് റസ്റ്ററന്റിന് ഉള്ളിലേക്ക് കടന്ന് വന്നതും, ഡിജെയോട് പറഞ്ഞ് പ്ലേ ചെയ്യിപ്പിച്ച മാരി മീ ഗാനത്തിന്റെ പശ്ചാത്തലത്തില്‍, ഞാന്‍ മുട്ടുകുത്തി നിന്ന് ചോദിച്ചു, ”ആശിഷ് അഗര്‍വാള്‍, എന്റെ ജീവിതത്തിലെ പൊട്ടിച്ചിരികളും കരച്ചിലും പിണക്കങ്ങളുമെല്ലാം നിനക്കൊപ്പം പങ്കുവയ്ക്കണം. നീ എന്നെ കല്യാണം കഴിക്കുമോ?”
ചിരിച്ചുകൊണ്ട് എന്നെ ഉയര്ത്തിയെടുത്തി അവന് പതിയെ കാതില്‍ പറഞ്ഞത് നമ്മുടെ കുട്ടികള്‍ ഇതുപോലെ ഫില്‍മി ആകാതിരിക്കട്ടെ എന്നായിരുന്നു. അങ്ങനെ ഞാനെന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. എന്തിനാണ് പുരുഷന് പ്രൊപ്പോസ് ചെയ്യുന്നത് വരെ സ്ത്രീകള്‍ കാത്തു നില്‍ക്കുന്നത്? പുതിയ കാലമാണ്, നിങ്ങള്‍ക്ക് അവനെ ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ വിവാഹ മോതിരം അണിയിക്കാം.
ജീവിതത്തിലെ സുന്ദര നിമിഷത്തെ തമാശയിലൂടെ അവതരിപ്പിക്കുന്ന പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പോസ്റ്റിലെ സര്‍ക്കാസം മനസിലാകാതെ ഷാരൂഖ് ഖാന് എങ്ങനെയാണ് നിങ്ങളുടെ ജീവിതം തകര്‍ത്തതെന്ന് ചോദിക്കുന്നവരും കുറവല്ല.