വീണ്ടും ഒരു ജൂൺ ഒന്ന്, കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ അധ്യയനവർഷത്തിൽ സ്‌കൂളിലേക്ക് എത്തിയവരിൽ സിസ്റ്റർ ലിനിയുടെ മക്കളും ഉണ്ട്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇരുവരുടെയും ചിത്രം പങ്കുവച്ച് സന്തോഷം അറിയിച്ചത്.
“പ്രിയപ്പെട്ട ലിനിയുടെ മക്കൾ സ്കൂളിലേക്ക്… പുതിയ അധ്യായന വർഷത്തിൽ സ്കൂളിലേക്കെത്തുന്ന എല്ലാ കുഞ്ഞുമക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ…” ലിനിയുടെ മക്കളായ ഋതുൽ, സിദ്ധാർത്ഥ് എന്നിവരുടെ ചിത്രങ്ങൾ പങ്കുവച്ച് ശൈലജ ടീച്ചർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലയാളികൾ അത്രയേറെ സ്നേഹത്തോടെ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്. നാല് വർഷം മുൻപാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന ലിനി കേരളത്തിനെ ഭീതിയിലാഴ്ത്തി നിപയ്ക്ക് കീഴടങ്ങുന്നത്. നിപ ബാധിതരെ ശ്രുശ്രുഷിക്കുന്നതിനിടെയാണ് ലിനിക്ക് രോഗം സ്ഥിരീകരിക്കുന്നതും മരണത്തിനു കീഴടങ്ങുന്നതും.
മരണത്തിന് മുൻപ് ഭർത്താവിന്റെയോ കുഞ്ഞു മക്കളെയോ ഒരു നോക്ക് കാണാൻ കഴിയാതെ പോയ ലിനി, മക്കളെ നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. .
Also Read: ദുരൂഹതകൾ നിറഞ്ഞ ബർമൂഡ ട്രയാംഗിളിലേക്ക് വിനോദ യാത്ര; കപ്പൽ കാണാതായാൽ തുക മുഴുവൻ റീഫണ്ട്