തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് സിപിഎം നേതാവ് ഷാഹിദ കമാല്‍ എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. കോടിയേരിയെ അധിക്ഷേപിച്ച് ശോഭ നടത്തിയ പ്രസംഗത്തിനുള്ള മറുപടി എന്ന നിലയിലാണ് ഷാഹിദ കത്ത് എഴുതിയിരിക്കുന്നത്.

മാധ്യമമാനിയ പിടിച്ച് വാര്‍ത്തകളില്‍ വരുന്നതിന് വേണ്ടിയാണ് ഇത്തരം വാചക കസര്‍ത്തുകള്‍ നടത്തുന്നതെങ്കില്‍ ജനമനസ്സില്‍ നിന്നും ശോഭ അകലുകയാണ് എന്ന സത്യം മനസ്സിലാക്കണമെന്ന് ഷാഹിദ കത്തില്‍ പറയുന്നു.

നിങ്ങള്‍ സംസാരിക്കുന്നത്, നിങ്ങളുടെ കുടുംബ ഭാഷയും സംസ്‌കാരവും ഉപയോഗിച്ചാണ്. പുരുഷന്മാരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് പറ്റിയതാണോ? ഷാഹിദ കമാൽ ശോഭാ സുരേന്ദ്രനോട് ചോദിക്കുന്നു.

ശോഭാ സുരേന്ദ്രന് ഷാഹിദ കമാൽ അയച്ച തുറന്ന കത്ത്:

‘പ്രീയപ്പെട്ട ശ്രീമതി. ശോഭാ സുരേന്ദ്രന് ഒരു തുറന്ന കത്ത്.

നിങ്ങളും ഒരു സ്ത്രീയാണ് ഞാനും ഒരു സ്ത്രീയാണ്. നമ്മളൊക്കെ രാഷ്ട്രീയ സാമൂഹൃ പ്രവർത്തകരുമാണ്. നാഴികയ്ക്ക് നാല്പതു വട്ടം BJP പറയുന്നത് ഭാരതത്തിന്റെ സംസ്ക്കാരത്തെ പറ്റിയും, പൈതൃകത്തെ പറ്റിയുമാണ്.
ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും ഒരു ഭാരതീയ മുസ്ലിം സ്ത്രീയായ ഞാൻ ഉൾപ്പെടുന്ന
ഇന്ത്യൻ മതേതര സമൂഹത്തിന് നന്നായി അറിയാം. അതിലൊന്നും നിങ്ങളുടെ ഭാഷ ഉള്ളതായി ഞാൻ കേട്ടിട്ടില്ല.
അതുകൊണ്ടു തന്നെ പലപ്പോഴും നിങ്ങൾ സംസാരിക്കന്നത്, നിങ്ങളുടെ കുടുംബ ഭാഷയും സംസ്കാരവും ഉപയോഗിച്ചാണ് .

പുരുഷൻമാരെ കാണുമ്പോൾ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം
കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് പറ്റിയതാണോ?

നമുക്ക് ആരേയും വിമർശിക്കാം, കുറ്റപ്പെടുത്താം, എതിർക്കാം സഭ്യമായ ഭാഷ ഉപയോഗിച്ച്.” ചുട്ടയിലെ ശീലം ചുടല വരെ ” എന്നല്ലേ? കട്ടിക്കാലത്ത് അമ്മിഞ്ഞ പാലിനോടൊപ്പം അമ്മ പകർന്നു തരുന്നതാണ് മക്കൾ പ്രത്യേകിച്ചും, പെൺകുട്ടികൾ പഠിക്കുന്നത്.
അവിടുന്ന് പഠിക്കാത്തത് വിവാഹശേഷം ഭർതൃ ഗൃഹത്തിൽ നിന്ന് പഠിക്കുകയെന്നത് ഭാരതീയ സംസ്കാരത്തിന്റെ മറ്റൊരു വശമാണ്.
പിതാവിന്റെ പ്രായം ഉള്ളവരെ ചെകിട്ടത്തടിക്കണം, തെക്കോട്ടു കെട്ടിയെടുക്കണം, ഒരു ചെറുപ്പക്കാരന്റെ പേരു പട്ടിക്ക് ഇടണം തുടങ്ങി എന്തൊക്കെയാണ് നിങ്ങൾ ദിവസവും പുലമ്പുന്നത്. നിങ്ങളുടെ വീട്ടിൽ നിങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ഒരാൾ ഉണ്ടല്ലോ?

അതിന് സഖാവ്.സുധീഷ് മിന്നിയുടെ പേരിട്ടാൽ, ആ പേരിന്റെ ഊർജ്ജം ഉൾകൊണ്ട് എങ്കിലും നിങ്ങളെ അദ്ദേഹം നിലയ്ക്ക് നിർത്തും എന്ന് തോന്നുന്നു. മാധ്യമ മാനിയ പിടിച്ച് ദിവസവും വാർത്തകളിൽ വരാനാണ് ഈ അദ്യാസപ്രകടനമെങ്കിൽ നിങ്ങൾ ഓരോ നിമിഷവും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ നിന്നും തൂത്ത് എറിയുകയാണന്ന സത്യം ഓർക്കുക. ഞാൻ അറിയുന്ന, എന്റെ സുഹൃത്തുക്കളായ ധാരാളം BJP ക്കാരുണ്ട്. നിങ്ങൾ ഇപ്പോൾ പാർട്ടിക്ക് ബാധ്യതയാണന്നാണ് അവരുടെ അഭിപ്രായം. സ്വയം സേവകയുടെ അർത്ഥം അറിയാത്തതുകൊണ്ട് സ്വയം അങ്ങ് സേവിക്കുകയാണ് പോലും. പൊതുപ്രവർത്തകർ എന്നും എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. താങ്കൾ മാതൃക ആകുന്നില്ലായെന്ന് മാത്രമല്ല, ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തിന് അപമാനവും, ബാധ്യതയുമാണ്. അത് നിങ്ങളെ ഓർമ്മപെടുത്തേണ്ടത് സ്ത്രീ എന്ന നിലയിലും പൊതു പ്രവർത്തക എന്ന നിലയിലും എന്റെ കടമയാണ്.

ഇനി ഇതിന്റെ പേരിൽ എന്റെ ചെകിട്ടത്തടിക്കണം എന്നു തോന്നിയാൽ പറയുകയല്ല വേണ്ടത്
നേരെ എന്റടുത്ത് വരണം. അന്ന് നിന്റെ ചെകിട്ടത്ത് നോക്കി ഒന്നു ഞാനങ്ങ് തരും. അതോടെ ആ അസുഖം ഭേദമാകും.’

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ