സംസ്ഥാനത്ത് ഓൺലെെൻ ക്ലാസുകൾ ആരംഭിച്ചിട്ട് 20 ദിവസം കഴിഞ്ഞു. എന്നാൽ, സംസ്ഥാനത്ത് ഇപ്പോഴും ഓൺലെെൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ട്. നിർധനരായ വിദ്യാർഥികൾക്ക് ഓൺലെെൻ പഠനസൗകര്യമെത്തിക്കാൻ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.

പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാൻ വ്യത്യസ്‌ത രാഷ്ട്രീയ ചേരികളിലുള്ള കെഎസ്‌യുവും എസ്‌എഫ്‌ഐയും കെെകോർത്ത കാഴ്‌ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കയ്യടി വാങ്ങുന്നത്. മലപ്പുറത്താണ് രാഷ്ട്രീയ കേരളത്തിനു അഭിമാനിക്കാവുന്ന സംഭവം. കെഎസ്‌യു ജില്ല പ്രസിഡന്റ് ഹാരിസ് മുദൂരിന്റെ ഒരു വാട്‌സാപ്പ് സ്റ്റാറ്റസാണ് ഇങ്ങനെയൊരു സംഭവത്തിലേക്ക് നയിച്ചത്. പാവപ്പെട്ട കുട്ടിക്ക് ഓൺലെെൻ പഠനസൗകര്യത്തിനായി ഒരു ടിവി വേണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ സ്റ്റാറ്റസിട്ടു. ഇതുകണ്ട എസ്‌എഫ്‌ഐ ടിവി എത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

Read Also: തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ; ഇടുക്കി കട്ടപ്പന മാർക്കറ്റ് അടച്ചു

കെഎസ്‌യു പ്രസിഡന്റിന്റെ സ്റ്റാറ്റസ് കണ്ട എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറാണ് ടിവി എത്തിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒരു നല്ല കാര്യത്തിനാണ് കെെ കോർക്കുന്നതെന്ന് രണ്ട് നേതാക്കളും പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിൽ ഈ സംഭവം വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. രാഷ്‌ട്രീയത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർ ഇത്തരം നല്ല മാതൃകകൾ അനുകരിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്. കെഎസ്‌യു, എസ്‌എഫ്‌ഐ നേതാക്കളെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook